X

പത്തില കറിക്ക് ആവശ്യക്കാരേറുന്നു

കെ.എ മുരളീധരന്‍
തൃശൂര്‍: ‘കായേം ചേനേം മുമ്മാസം..
ചക്കേം മാങ്ങേം മുമ്മാസം..
താളും തകരേം മുമ്മാസം..
അങ്ങനേം ഇങ്ങനേം മുമ്മാസം’
മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ചു പൊതുവേയുള്ള ചൊല്ലാണിത്.
കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ സമയത്ത് കഴിക്കാന്‍ പറ്റിയ ഒന്നാണ് പത്തില കറി. ഇതിനാകട്ടെ ഓരോ വര്‍ഷം കഴിയുന്തോറും ആവശ്യക്കാരേറിവരികയാണ്. താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചചീര, കൂവളം, ചേമ്പില, ചൊറിയാണം (ചൊറിയന്‍തുമ്പ) എന്നിവയാണ് പത്തില കറിക്കാവശ്യം. പഞ്ഞമാസക്കാലത്തെ പ്രധാനവിഭവമാണ് പത്തിലതോരന്‍. ഭക്ഷ്യയോഗ്യമായ ഏത് ഇലയും എടുക്കാം. പയര്‍, തഴുതാമ, മത്ത, കുമ്പളം, ചീര, തകര എന്നു തുടങ്ങി ചൊറിയന്‍തുമ്പ (കൊടിത്തൂവ) വരെ എടുക്കുന്നവരുണ്ട്. താളിന്റെ ഇല 10 തണ്ട്, തകരയില ഒരുപിടി, പയറില 15 തണ്ട്, എരുമത്തൂവയില 10 തണ്ട്, ചെറുകടലാടി ഇല ഒരുപിടി, മത്തന്‍ ഇല 10 എണ്ണം, കുമ്പളത്തില 10 എണ്ണം, ചെറുചീരയില ഒരുപിടി, തഴുതാമയില ഒരുപിടി, തൊഴകണ്ണിയില ഒരുപിടി. ഇലകള്‍ എല്ലാം ശേഖരിച്ച് ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടി രുചി നഷ്ടപ്പെടാതിരിക്കാനാണിത്. വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ഇലകള്‍ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പു ചേര്‍ത്ത് നന്നായി വേവിച്ച് ചോറിന് കറിയായി ഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക് പച്ചമുളകും തേങ്ങ ചിരവിയതും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ അല്‍പം ചേര്‍ക്കുന്നത് കറിക്ക് കൂടുതല്‍ രുചി ലഭിക്കാന്‍ സഹായിക്കും.

തൊടികളില്‍ ആര്‍ക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്ക്കുമൊക്കെ ഭക്ഷണമേശയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്ന നാളുകളാണ് കര്‍ക്കടകമെന്ന് തൃശൂരിലെ ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റല്‍ അസി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ദാസ് പറയുന്നു. താള് ദഹനം വര്‍ദ്ധിപ്പിക്കാനും മലബന്ധത്തിനും നേത്രരോഗത്തിനും ത്വക് രോഗങ്ങള്‍ക്കും പ്രതിവിധിയായി തകരയും പിത്തം, ഹൃദ്രോാഗം, ചുമ എന്നിവക്ക് ഔഷധമായി തഴുതാമയും രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും കുമ്പളത്തിന്റെ ഇലയും വെള്ളരി നേത്രസംരക്ഷണത്തിനും വിറ്റാമിന്‍ എ, സി, ഇരുമ്പ് എന്നിവയടങ്ങിയ ചീരയും നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ചേനയുടെ ഇലയും വിവിധ തരം ആസിഡുകള്‍ അടങ്ങിയ ആനക്കൊടിത്തൂവയും കഫക്കെട്ടിനുള്ള മരുന്നായുള്ള മുക്കുറ്റിയും ശരീര ശുദ്ധിക്ക് ഉത്തമമായ പയര്‍ ഇലയും കഴിച്ചാല്‍ കര്‍ക്കിടകത്തിലൂടെ നമ്മുടെ ആരോഗ്യത്തിലുണ്ടാകുന്ന ക്ഷതത്തെ പരിഹരിച്ച് ആരോഗ്യത്തെ വീണ്ടെടുക്കാമെന്നും ആയുര്‍വേദ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: