X
    Categories: indiaNews

‘പതഞ്ജലി ഉപേക്ഷിക്കൂ’; മോദിയുടെ കോര്‍പ്പറേറ്റ് ശൃംഖലയ്ക്ക് പ്രഹരമേല്‍ക്കുന്നു!

ഡല്‍ഹി: കര്‍ഷക സമരം 20ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ബോയ്‌കോട്ട് പതഞ്ജലി കാമ്പയിന്‍. ബോയ്‌കോട്ട് ജിയോയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുപ്പമുള്ള വ്യവസായി രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള കാമ്പയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്നത്.

ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് ബോയ്‌കോട്ട് പതഞ്ജലി ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയത്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു അതുകൊണ്ട് പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്നാണ് ഭൂരിഭാഗവും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബോയ്‌കോട്ട് ജിയോക്ക് ശേഷം ബോയ്‌കോട്ട് പതഞ്ജലി എന്ന പേരിലും നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദി അനകൂല മാധ്യമങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും പതഞ്ജലി, മോദി സര്‍ക്കാര്‍, ജിയോ തുടങ്ങിയവയുടെ പരസ്യത്തിലൂടെയാണ്. അതുകൊണ്ട് അവര്‍ക്കെതിരെയെല്ലാം നമുക്ക് പോരാട്ടം ആരംഭിക്കാമെന്നുമാണ് കാമ്പയിന് പിന്തുണയറിച്ചുകൊണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നത്. മോദി സര്‍ക്കാരിന്റെ ഒരേയൊരു അജണ്ട ഇന്ത്യക്കാരെ മുഴുവന്‍ മോദിയുടെയും അംബാനിയുടെയും അടിമകളാക്കുക എന്നതാണ് എന്ന തരത്തിലുള്ള ട്വീറ്റുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ കാമ്പയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Test User: