കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ കിണറ്റില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പത്തനാപുരം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. കന്യാസ്ത്രീയുടെ ഇരുകൈത്തണ്ടകളും മുടിയും മുറിച്ച നിലയിലാണ്. ബ്ലേഡ് കൊണ്ട് മുറിച്ചതാകാമെന്ന് പൊലീസ് പറയുന്നു. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സ്ഥലപരിശോധനയും നടക്കുകയാണ്. മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ.
കോണ്‍വെന്റിലെ ജീവനക്കാരാണ് മൃതദേഹം ആദ്യമായി കണ്ടത്. കിണറ്റിനു സമീപത്ത് രക്തത്തുള്ളികള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സഭാവസ്ത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.