X

അയ്യപ്പ ഭക്തന്റെ മരണം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം; തെളിവുകള്‍ നിരത്തി ജില്ലാ പൊലീസ് മേധാവി

പത്തനംത്തിട്ട: അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

തുലാമാസപൂജക്ക് ശബരിമല ദര്‍ശനത്തിനെത്തി കാണാതായ തീര്‍ഥാടകന്‍ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍ നിലക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചതായി തെളിവുകള്‍ നിരത്തി പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണനും രംഗത്തുവന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ആര്‍.എസ്.എസുകാര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ് എന്ന ആമുഖത്തോടെയാണ് ടി.നാരായണന്‍ ഐ.പി.എസിന്റെ പ്രസ്താവന.

‘ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തിലെ ളാഹയില്‍ നിന്നും കുറ്റിക്കാട്ടില്‍ ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ല’. ടി നാരായണന്‍ ഐ.പി.എസ് പറയുന്നു.

‘പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. നിലക്കല്‍ -പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന സംശയം തീരുന്നേ ഇല്ല. മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്.

ശിവദാസന്റെ കുടുംബം നല്‍കിയ പരാതിയുടെ പകര്‍പ്പ്:

പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ. ഇതാണ് രീതി, നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം’ പ്രസ്താവനയില്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Watch Video: 

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

chandrika: