പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.
സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.