പത്തനംതിട്ട: മഹാപ്രളയത്തില്‍ വിറങ്ങലിച്ചുപോയ കേരളത്തെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒരു കൂട്ടം യുവ ഐ.എ.എസ് ഓഫീസര്‍മാരാണ്. ദന്തഗോപുരവാസികളെന്ന പഴയ ആഢ്യത്വത്തിന്റെ കുപ്പായം ഊരിവെച്ച് അവര്‍ ജനങ്ങളിലേക്കിറങ്ങി. അങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ താരമായവരാണ് ടി.വി അനുപമയും വാസുകിയും അടക്കമുള്ളവര്‍. അവര്‍ക്ക് പിന്നാലെ കേരളത്തിന്റെ കയ്യടി വാങ്ങുകയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്.
പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ കളക്ടര്‍ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സഹായ കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന് ചോദിക്കുമ്പോള്‍ കൃത്യമായി മറുപടി പറയാനാവാതെ വില്ലേജ് ഓഫീസര്‍ വിയര്‍ത്തു.
കളക്ടറുടെ ചോദ്യത്തിന് മുന്നില്‍ പരുങ്ങിയ വില്ലേജ് ഓഫീസറോട് കളക്ടര്‍ ശബ്ദമുയര്‍ത്തി. ‘നിങ്ങള്‍ക്കിവിടെ എന്തുവാടോ പണി? ഈ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങള്‍ക്ക് ജോലി. ഇതുപോലും അറിയാതെ നിങ്ങളെന്താ ഇവിടെ ചെയ്യുന്നേ. ആകെ 84 പേരല്ലേയുള്ളൂ. ഈ ജില്ലയിലുള്ള 45,000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ…’ കളക്ടറുടെ വാക്കുകള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥന്‍ നിശബ്ദനായി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കളക്ടറും താരമായി. മുന്‍ കോഴിക്കോട് കളക്ടര്‍ പി.ബി സലീമിന്റെ സഹോദരനാണ് പി.ബി നൂഹ്.