തിരൂര്‍: തിരുനബി (സ)യുടെ വിശ്വമാനവിക സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലും കേരളത്തിനു പുറത്തും നടത്തി വരുന്ന ‘മദീനയിലേക്കുള്ള പാത’ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയുടെ വാര്‍ഷിക പ്രഭാഷണം ഇന്ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി കംപാഷന്‍ സെന്ററാണ് പരിപാടിയുടെ സംഘാടകര്‍. മനുഷ്യ മനസില്‍ നിന്നും കാരുണ്യമെന്ന മഹിതമൂല്യം അസ്തമിക്കുമ്പോഴാണ് ലോകത്ത് അസമാധാനം ഉടലെടുക്കുന്നത്. കാരുണ്യമെന്ന മൂല്യവും അതിനനുബന്ധമായ വികാര വിചാരങ്ങളും സമൂഹത്തില്‍ ശോഷിച്ചു വരുന്നത് വലിയ അപായ സൂചനയായി നാം കാണേണ്ടതുണ്ട്.
കാരുണ്യ രാഹിത്യത്തില്‍ നിന്നാണ് സാമൂഹികമായ അസ്വാസ്ഥ്യങ്ങളും അതിലേക്ക് നയിക്കുന്ന അന്യായങ്ങളും അക്രമങ്ങളും സംഭവിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഹിംസയുടെ അതിപ്രസരത്തെ ഗൗരവത്തോടെ കണ്ട് ദയയും ജീവകാരുണ്യവും പരസ്പര സാഹോദര്യവും നിലനിര്‍ത്താന്‍ ഒത്തൊരുമിച്ചുള്ള പരിശ്രമങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടത്തണം. സഹകരണവും പരസ്പരസ്‌നേഹവും ബഹുസ്വരതയും കൊണ്ട് മാത്രമേ ലോകജനതക്ക് ഇനിയുള്ള കാലം സ്വാസ്ഥ്യത്തോടെ നിലനില്‍ക്കാനാകൂ എന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ.
അത്തരം മഹിതപ്രമാണങ്ങള്‍ക്ക് സ്വജീവിതത്തിലൂടെ മാര്‍ഗദര്‍ശനം നല്‍കി മാനവരാശിയെ വഴിനടത്തിയ വിശ്വഗുരു തിരുനബി (സ) യുടെ അധ്യാപനങ്ങള്‍ക്ക് ഇന്നത്തെ ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. കാരുണ്യമേ, ജയിക്കുക! എന്ന കാലിക പ്രസക്തമായ വിഷയത്തെ ആസ്പദമാക്കി ഇന്ന് രാവിലെ 9 മണിക്ക് പ്രഭാഷണം ആരംഭിക്കും. ടൗണ്‍ ഹാളിനകത്തും പുറത്തുമായി 3000 ഓളം പേര്‍ക്ക് സുഗമമായി പ്രഭാഷണം ശ്രവിക്കുന്നതിനുള്ള സ്‌ക്രീനിംങ് സംവിധാനമുള്‍പ്പെടെ ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം ഏരിയ ക്രമീകരിച്ചിട്ടുമുണ്ട്.
താഴെപ്പാലം സ്റ്റേഡിയത്തിന് മുന്‍ വശമുള്ള ഗ്രൗണ്ടിലും ബൈപ്പാസ് റോഡിലും പാര്‍ക്കിങിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.