അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്‌നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചു. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ്സിലെത്തി നില്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി ദളിത് പ്രശ്‌നങ്ങളില്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ നവംബര്‍ മൂന്നിനകം തീരുമാനം അറിയിക്കണമെന്നതായിരുന്നു ഹര്‍ദ്ദിക് പട്ടേലിന്റെ പ്രധാന ആവശ്യം. എന്നാല്‍ സംവരണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും പിന്തുണ കോണ്‍ഗ്രസ്സിനെന്നാണ് ഹര്‍ദ്ദികിന്റെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ ഒരു ബാലന്‍സിങ്ങ് നിലപാടിലാണ് കോണ്‍ഗ്രസ്. 20ശതമാനം സംവരണം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഇത് പ്രകടമാവും. അതേസമയം, ഹാര്‍ദ്ദികിന്റെ സംവരണ ആവശ്യം ബുദ്ധിമുട്ടേറിയതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭരണഘടനാ പരമായി ഇത് നടപ്പിലാക്കാന്‍ പ്രയാസകരമാണ്. കോണ്‍ഗ്രസ്സിന് ഹര്‍ദ്ദികിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കുക പ്രയാസകരമായിരിക്കും. എന്നാല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നാണ് താന്‍ കരുതുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അച്യുത് യാഗ്നിക് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന് സംവരണം നല്‍കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ നോട്ടം തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും രാഷ്ട്രീയ വിദഗ്ധന്‍ വിദ്യുത് ജോഷി പറയുന്നു. പട്ടേല്‍ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ദളിത് വിഭാഗത്തിന്റെ ആവശ്യങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നാണ് ജിഗ്നേഷ് മേവ്‌നാനിയുടെ വാദം. ബി.ജെ.പിയോട് വിയോജിപ്പാണെന്നും ബി.ജെ.പിയുടെ ദളിത് വിരുദ്ധത മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നും ജിഗ്നേഷ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ദളിതുകള്‍ക്കേണ്ടി എന്തു ചെയ്യുമെന്നതാണ് ജിഗ്നേഷിന്റെ ചോദ്യം. നിലവില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരമുള്ളസാഹചര്യത്തില്‍ ഇവരെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോവുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.