X

പട്ടേലിന് കയ്യടിക്കുന്നവര്‍ ഈ ഋഷഭ് പന്തിനെ അറിയണം

റിഷാദ് അലി മണക്കടവന്‍

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു പറ്റം പ്രതിഭകളുണ്ട് ക്രക്കറ്റ് കളത്തില്‍. അതിലൊരാളാണ് ഡല്‍ഹിക്കാരന്‍ ഋഷഭ് പന്ത്. ഓര്‍മയില്ലെ രഞ്ജിയില്‍ അതിവേഗ സെഞ്ച്വറി സ്വന്തം പേരിലാക്കിയ ഋഷബിനെ?. സെവാഗിന്റെ പിന്‍ഗാമിയെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഈ അതിവേഗ സെഞ്ച്വറിക്ക് പുറമെ ഈ രഞ്ജി സീസണിലെ ടോപ് സ്‌കോറര്‍ കൂടിയാണ് ഈ ഡല്‍ഹി താരം. എന്നാല്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചതോ മുംബൈക്കാരന്‍ പാര്‍ത്ഥിവ് പട്ടേലിനെയും.

 

രഞ്ജിയില്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന ഋഷഭിനെ തഴഞ്ഞ് എട്ട് വര്‍ഷം മുമ്പ് ദേശീയ ടീമില്‍ കളിച്ച പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് 799 റണ്‍സാണ്. അതില്‍ ഒരു ത്രിബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ അതിവേഗ സെഞ്ച്വറി. കേരളമായിരുന്നു ആ ഇന്നിങ്സിന് വേദിയായത്. ത്രിബ്ള്‍ സെഞ്ച്വറി നേടിയത് മഹാരാഷ്ട്രക്കെതിരായ മത്സരത്തിലുമായിരുന്നു. 326 പന്തില്‍ നിന്നായിരുന്നു ഋഷബിന്റെ 308.

എന്നാല്‍ പാര്‍ത്ഥിവ് പട്ടേലാകട്ടെ ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 403 റണ്‍സ്. ഇതില്‍ ഒരൊറ്റ സെഞ്ച്വറി മാത്രം. ഫോം ആണ് മാനദണ്ഡമെങ്കില്‍ പാര്‍ത്ഥിവിനെക്കാളും നൂറിരട്ടി യോഗ്യന്‍ ഋഷബ് തന്നെ. എന്നിട്ടും ദേശീയ ടീമില്‍ ഇടമില്ല. ക്രിക്കറ്റില്‍ കാത്തിരിപ്പിനാണ് വലിയ നീളം. ഇനിയൊരാള്‍ക്ക് പരിക്ക് പറ്റി വരുമ്പോഴേക്ക് ഒരു പക്ഷെ ഫോമില്ലെന്ന് വരാം. അഥവാ ഇനി ഫോമിലില്ലാതെ ടീമിലേക്ക് പ്രവേശിച്ചാല്‍ ഒരു പക്ഷെ താരത്തിന്റെ കരിയറിനെത്തന്നെ ബാധിക്കും.

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)

അതേസമയം ഋഷബിനെ ഉള്‍പ്പെടുത്താത്തിന് പിന്നില്‍ പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ വയനാട്ടില്‍ രഞ്ജി ക്രിക്കറ്റ് കളിക്കുന്ന ഋഷഭ് കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ വിമാനം കയറി ഡല്‍ഹി വഴി
മൊഹാലിയിലെത്താന്‍ സമയമെടുക്കുമെന്നും ഒരു കളിക്ക് മാത്രമായുള്ള യാത്ര താരത്തെ ബാധിക്കുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാദത്തെ പരിഹാസപൂര്‍വം തള്ളുകയാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു വി സാംസണ്‍, മധ്യപ്രദേശ് താരം നമാന്‍ ഓജ, തമിഴ്നാടിന്റെ ദിനേഷ് കാര്‍ത്തിക്ക് എന്നിവരും വിളി കാത്തിരിക്കുകയാണ്. ഫോം ഇല്ലെന്ന കാരണത്താലാണ് സെലക്ടര്‍മാര്‍ ഇവരെ ഒഴിവാക്കുന്നത്.

chandrika: