X
    Categories: MoreViews

ബ്രാന്‍ഡ് സ്വാധീനത്തില്‍ എസ്.ബി.ഐയെയും പിന്തള്ളി രാംദേവിന്റെ പതഞ്ജലി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന ‘ഇപ്‌സോസി’ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തന്നെ രാംദേവിന്റെ കമ്പനി പിന്തള്ളിയത്. അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് ലോകത്തെ വലിയ ബാങ്കുകളിലൊന്നായി മാറിയ എസ്.ബി.ഐ മുന്‍വര്‍ഷത്തേതില്‍ നിന്ന് നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും നാലാം സ്ഥാനത്തുള്ള പതഞ്ജലിയെ മറികടക്കാന്‍ കഴിഞ്ഞില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വന്‍ വളര്‍ച്ച നേടിയ പതഞ്ജലി ഇപ്‌സോസ് ലിസ്റ്റില്‍ മികച്ച സ്ഥാനം നേടിയത് വ്യവസായ മേഖലയിലെ അത്ഭുതമായി.

ഭക്ഷണം, പാനീയം, ക്ലീനിങ്, പേഴ്‌സണല്‍ കെയര്‍, ആയുര്‍വേദ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന പതഞ്ജലി 2006-ലാണ് സ്ഥാപിതമായതെങ്കിലും 2014-ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് വന്‍ കുതിപ്പ് കാഴ്ചവെച്ചത്. ഹരിദ്വാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലി ആയുര്‍വേദവും പാരമ്പര്യ അറിവുകളും അടിസ്ഥാനമാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത് എന്നാണ് അവകാശവാദം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 1200 കോടി വിറ്റുവരവുണ്ടായിരുന്ന പതഞ്ജലിയുടെ 2016-17 വര്‍ഷത്തെ വരുമാനം 10561 കോടിയാണ്.

സ്വാധീനത്തിന്റെ കാര്യത്തിലെ ഒന്നാം സ്ഥാനം ഗൂഗിള്‍ നിലനിര്‍ത്തി. മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പതഞ്ജലിക്കും എസ്.ബി.ഐക്കും പിന്നാലെ ആറാം സ്ഥാനത്ത് വാട്ട്‌സാപ്പ് ഉണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഭീമനായ ആമസോണ്‍ ആണ് ഏഴാം സ്ഥാനത്ത്. സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ലോഞ്ച് ചെയ്ത റിലയന്‍സ് ജിയോ ഒമ്പതാം സ്ഥാനത്തെത്തി. ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ്‌ളിപ്കാര്‍ട്ട് മൂന്ന് സ്ഥാനം പിന്നിലേക്കിറങ്ങി പത്താം സ്ഥാനത്തെത്തി.

ലോകമെങ്ങുമുള്ള ബ്രാന്‍ഡുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഇപ്‌സോസിന്റെ ആസ്ഥാനം ഫ്രാന്‍സിലെ പാരീസ് ആണ്. 21 രാജ്യങ്ങളിലായി 100 ലധികം ബ്രാന്‍ഡുകളെ ഇവര്‍ വിലയിരുത്തുന്നു. ഇത് രണ്ടാം തവണയാണ് ഇപ്‌സോസ് ഇന്ത്യന്‍ ബ്രാന്‍ഡുകളെപ്പറ്റി ഗവേഷണം നടത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: