ഇന്ധന നികുതി, വെള്ളക്കരം എന്നിവയുടെ വര്‍ധനവിനുശേഷം വൈദ്യുതി നിരക്ക് കൂട്ടാനും കളമൊരുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് തോന്നുന്നു. മുഴുവന്‍ മേഖലകളിലും സംഭവിക്കുന്ന വില വര്‍ധനയെത്തുടര്‍ന്നു സാമ്പത്തിക ദുരിതത്തില്‍ അകപ്പെട്ട സാധാരണക്കാരെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത നിരക്ക് വര്‍ധനവിന്റെ നാളുകളാണ് വരാനിരിക്കുന്നത്.
അടുത്ത നാലു വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും നിരക്ക് വര്‍ധനക്കുള്ള എല്ലാ സാധ്യതയും സംജാതമായിരിക്കുന്നു. കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധന വരുത്തിയിരുന്നു. കൂടാതെ ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് ഒമ്പതു പൈസ കൂട്ടുകയും ചെയ്തിട്ടുണ്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ലെങ്കിലും മറ്റുള്ളവരില്‍നിന്ന് യൂണിറ്റിന് 9 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ നാലു മാസത്തേക്ക് ഈടാക്കാനാണു റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് 87.07 കോടി രൂപ അധികം ചെലവായെന്നാണു കണക്ക്. ഈ തുകയാണു സര്‍ക്കാര്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പിരിച്ചെടുക്കുന്നത്. യൂണിറ്റിന് 14 പൈസ ഈടാക്കണം എന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ അതനുവദിച്ചില്ല.
2023-24 സാമ്പത്തിക വര്‍ഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024-25 ല്‍ 36 പൈസയും 2025-26 ല്‍ 13 പൈസയും 2026-27ല്‍ ഒരു പൈസയും വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണു ബോര്‍ഡിന്റേത്. ഹിയറിങ് നടത്തിയശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്.
വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം നടപ്പായ നിരക്ക് വര്‍ധനയിലും പ്രഹരം വീടുകള്‍ക്കായിരുന്നു. വരുമാന വര്‍ധനക്കുള്ള സാധ്യതയായി ഫിക്‌സഡ് ചാര്‍ജിനെ ഉപയോഗപ്പെടുത്തുകയാണ് ബോര്‍ഡ്. എല്ലാ വര്‍ഷവും ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് ശ്രമം. നിരക്ക് വര്‍ധനക്ക് മുകളിലാണ് ഇതും വരുക. അടുത്ത നാലു വര്‍ഷത്തേക്ക് നിരക്ക് വര്‍ധനയിലൂടെ ഈടാക്കി നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ട 2381 കോടി രൂപയില്‍ 1606 കോടിയും വീട്ടുവൈദ്യുതിക്കാണ് ചുമത്തുന്നത്.
വാണിജ്യ ഉപഭോക്താക്കള്‍ക്ക് 412 കോടി വര്‍ധന വരും. വ്യവസായങ്ങള്‍ക്ക് നാമമാത്ര വര്‍ധനയാണ് ശിപാര്‍ശ. പല വിഭാഗങ്ങളും ഇളവും നിര്‍ദേശിച്ചിട്ടുണ്ട്. 1010.94 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടുള്ള വര്‍ധനയാണു കഴിഞ്ഞ ജൂണില്‍ വരുത്തിയതെങ്കില്‍ പുതിയ നിരക്ക് വര്‍ധനയിലൂടെ 2023-24 ല്‍ 1044.43 കോടി രൂപയുടെ അധിക സമാഹരണമാണു ലക്ഷ്യമിടുന്നത്. ഇതില്‍ 637.29 കോടി രൂപയും വീടുകളില്‍നിന്നാണ്. 395.42 കോടി രൂപ നിരക്ക് വര്‍ധനയിലൂടെയും 241.87 കോടി രൂപ ഫിക്‌സഡ് ചാര്‍ജ് വര്‍ധനയിലൂടെയും. അതേസമയം, വാണിജ്യ ഉപഭോക്താക്കള്‍ക്ക് 223 കോടിയുടെയും വ്യവസായങ്ങള്‍ക്ക് 184.13 കോടിയുടെയും വര്‍ധന മാത്രമേയുള്ളൂ. വ്യവസായത്തിലെ എച്ച്.ടി ഒന്ന് ബി വിഭാഗത്തില്‍ 0.43 കോടി കുറച്ചുകൊടുക്കുകയും ചെയ്തു. വീട്ടുവൈദ്യുതിക്ക് ഫിക്‌സഡ് ചാര്‍ജില്‍ വരുത്തുന്ന വര്‍ധന പ്രതിമാസ വൈദ്യുതി നിരക്കില്‍ കാര്യമായി പ്രതിഫലിക്കും.
നികുതി പിരിവിന്റെ കാര്യത്തിലെന്നപോലെ വൈദ്യുതി നിരക്ക് കുടിശിക ഇനത്തിലും കോടികളാണു പിരിച്ചെടുക്കാനുള്ളത്. കുടിശിക പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെങ്കിലും നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ ബോര്‍ഡിനും സര്‍ക്കാരിനും അത്യുത്സാഹമാണ്. പകല്‍കൊള്ളയാണ് എല്ലാ മേഖലകളിലും അരങ്ങുതകര്‍ക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേടിനെത്തുടര്‍ന്ന് സംജാതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു പദ്ധതിയുമില്ലെന്ന് ജനങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.
ഒരുതരത്തിലും ഒന്നിലും കുറവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കുന്നില്ല. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനില്ലാത്തതിനാല്‍ ഇളവുകളൊന്നും പ്രതീക്ഷിക്കുകയും വേണ്ട. ഇന്ധന സെസ് വര്‍ധനവിനു സര്‍ക്കാര്‍ പറഞ്ഞ ന്യായം സാമൂഹ്യക്ഷേമ പെന്‍ഷനായിരുന്നു. ക്ഷേമ പെന്‍ഷനുകളില്‍ ഒരു രൂപയുടെ പോലും വര്‍ധന വരുത്തിയിട്ടില്ല.കിട്ടാവുന്ന മേഖലകളില്‍ നിന്നെല്ലാം പരമാവധി ഊറ്റുകയാണ് സര്‍ക്കാര്‍. നിരക്ക് വര്‍ധനക്കുള്ള നീക്കം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിഷേധം തിരിച്ചറിയാന്‍ ബോര്‍ഡിനും സര്‍ക്കാരിനും കഴിയണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കടക്കം വൈദ്യുതി സൗജന്യമായും കുറഞ്ഞ നിരക്കിലും വിതരണം ചെയ്യുന്ന നിരവധി സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നിരിക്കെയാണ് കേരളത്തിലെ ഇടതുസര്‍ക്കാറിന്റെ വൈദ്യുതി ഷോക്ക്. ഇതുകൂടി താങ്ങാനുള്ള ശേഷി സാധാരണ ജനങ്ങള്‍ക്കില്ലെന്ന് മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളത്.