X

‘പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണം’; ഉദ്യോഗസ്ഥരുടെ നിബന്ധനക്കെതിരെ സുഷമസ്വരാജിന് ദമ്പതികളുടെ ട്വീറ്റ്

ലക്‌നോ: പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന നിബന്ധനയുമായി ഉത്തര്‍പ്രദേശിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍. മിശ്രവിവാഹിതരായ ദമ്പതികളോടാണ് ഹിന്ദുമതം സ്വീകരിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്.

അനസ് സിദ്ദീഖി, താന്‍വി സേത് ദമ്പതികളെയാണ് പാസ്‌പോര്‍ട്ട് ഓഫീസറായ വികാസ് മിശ്ര ഉള്‍പ്പെടെ ജീവനക്കാര്‍ അധിക്ഷേപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ദമ്പതികള്‍ ട്വീറ്റ് ചെയ്തു. അനസ് സിദ്ദീഖിയോട് പേരും മതവും മാറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നും ആളുകള്‍ക്കിടയില്‍ വെച്ച് പരിഹസിച്ചുവെന്നും താന്‍വി, സുഷമാ സ്വരാജിനയച്ച ട്വീറ്റില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതെ ഉേേദ്യാഗസ്ഥര്‍ തടഞ്ഞുവെച്ചുവെന്നും ഇവര്‍ പറയുന്നു. വിവാഹം പോലെ തികച്ചും സ്വകാര്യമായ കാര്യങ്ങളില്‍ ഇടപ്പെട്ട് സദാചാര പൊലീസ് കളിക്കുന്നതാണോ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ ജോലിയെന്നും നടപടിയെടുക്കണമെന്നും താന്‍വി ആവശ്യപ്പെട്ടു.

‘ഞാന്‍ സി.5 കൗണ്ടറിലെത്തിയപ്പോള്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു, എന്റെ ഫയലില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന്. ഞാനൊരു മുസ്‌ലീമിനെ വിവാഹം ചെയ്തിട്ടും എന്റെ ആദ്യപേര് നിലനിര്‍ത്തിയതാണ് പ്രശ്‌നമെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് രോഷാകുലനാവുകയും എല്ലാവരുടേയും മുമ്പില്‍വെച്ച് എന്നെ അപമാനിക്കുകയും ചെയ്തു. പിന്നീട് അഡീഷണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ മുമ്പില്‍ കൊണ്ടുപോയി. എന്നോട് ദയവു തോന്നിയ അദ്ദേഹം ഗോമതിനഗറിലെ മെയിന്‍ ബ്രാഞ്ചിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.’ ആറു വയസുകാരിയുടെ അമ്മ കൂടിയായ താന്‍വി പറഞ്ഞു.

രേഖകളെല്ലാം കൃത്യമായിരുന്നിട്ടും തന്റെ ഫയല്‍ നിരസിച്ചെന്നാണ് താന്‍വിയുടെ ആരോപണം. അനസിന്റെ പേര് വിളിച്ച് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അപമാനിച്ചെന്നും അവര്‍ പറയുന്നു.
‘പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ ഹിന്ദുയിസത്തിലേക്ക് മാറണമെന്ന് അവര്‍ അനസിനോടു പറഞ്ഞു. ഇത് സദാചാര പൊലീസിങ്ങും മതപരമായ മുന്‍വിധിയുമാണ്. എനിക്ക് അപമാനിതയായതുപോലെ തോന്നി. ഞാന്‍ പൊട്ടിക്കരഞ്ഞു’, താന്‍വി പറഞ്ഞു.

അഞ്ച് ട്വീറ്റുകളിലൂടെയും ഇമെയില്‍ സന്ദേശങ്ങളിലൂടെയുമാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ തങ്ങള്‍ക്കുനേരിടേണ്ടിവന്ന വിവേചനം താന്‍വി വിദേശകാര്യമന്ത്രിയോടു പറയുന്നത്. വിവാഹശേഷം പേരുമാറ്റുകയെന്നത് എല്ലാ പെണ്‍കുട്ടികളുടെയും കടമയാണെന്നു പറഞ്ഞ് തന്നോട് അവര്‍ പേരുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും താന്‍വി പറയുന്നു.

12 വര്‍ഷം മുമ്പ് വിവാഹിതയായ തനിക്ക് വിവാഹത്തിന്റെ പേരില്‍ ഇതുവരെ ഇത്തരമൊരു അധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്നും താന്‍വി പറയുന്നു. വിവാഹശേഷം ഏത് പേരു സ്വീകരിക്കണമെന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. 2007ലാണ് താന്‍വിയും അനസ് സിദ്ദീഖിയും തമ്മില്‍ വിവാഹം നടന്നത്.

താന്‍വിയുടെ ട്വീറ്റിനു പിന്നാലെ വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ട് ഒരു മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും നോയിഡ പാസ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു.

chandrika: