X
    Categories: MoreViews

പാസ്‌പോര്‍ട്ടിലെ വിവേചനം: തൊഴില്‍ സാധ്യത നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകം

 

പാസ്‌പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്‌പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക പ്രവാസികള്‍ക്കിടയില്‍ ശക്തമാവുകയാണ്.
മറ്റൊരു രാഷ്ട്രത്തിലെയും പൗരന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത വിവേചനമാ ണ് ഇതിലൂടെ തങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്ന് പ്രവാസികള്‍ വിലയിരുത്തുന്നു. വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിലും കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ ഏറെയുണ്ട്. പുതിയ പാസ്‌പോര്‍ട്ട് നടപ്പാകുന്നതോടെ തൊഴില്‍ വിപണിയില്‍ ഇവര്‍ക്ക് കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് നല്‍കുന്ന രേഖയായാണ് എല്ലാ രാജ്യങ്ങ ളും പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതില്‍ വിദ്യാഭ്യാസമോ മറ്റു യോഗ്യതയോ മാനദണ്ഡമാക്കുന്ന പതിവ് ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. എന്നാല്‍, ഏറ്റ വും കൂടുതല്‍ ഇനത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരമൊരു തീരുമാനം ഇന്ത്യന്‍ പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നു. ഇസിആര്‍-ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്ന സംവിധാനം കഴിഞ്ഞ നാല് പതിറ്റാണ്ടായി നിലനില്‍ക്കുന്നുണ്ട്. അഭ്യസ്ഥ വിദ്യരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ ഇതുതന്നെ ധാരാളമാണെന്നിരിക്കെ നിറംമാറ്റത്തിലൂടെ വിവേചനമുണ്ടാക്കുന്നത് അനീതിയാണ്.
മേല്‍വിലാസം രേഖപ്പെടുത്തുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിവാക്കുന്ന തും നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴില്‍ മേഖലകളിലും മറ്റിടങ്ങളിലും കൈമാറ്റം ചെയ്യപ്പെടുമ്പോഴും പാസ്‌പോര്‍ട്ട് നഷ്ടപ്പെടുമ്പോഴുമെല്ലാം മേല്‍വിലാസം വളരെയധികം ഉപകാരപ്രദമാകാറുണ്ട്. അവസാന പേജ് മാറ്റുന്നതോടെ എംബസി ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍ പരിശോധന നടത്തുമ്പോള്‍ മാത്രമാണ് ഉടമയെ കുറിച്ച് മനസ്സിലാവുകയുള്ളൂവെന്നത് പ്രയാസങ്ങള്‍ക്കിട വരുത്തും. ഇത്രയും കാലമായി ഇതുസംബന്ധിച്ച് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ അനാവശ്യമായി പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട് ദോഷമല്ലാതെ കാര്യമായ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നതിനാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗ വും പാസ്‌പോര്‍ട്ട് പ്രയോജനപ്പെടുത്തുന്നത്. സാധാരണക്കാരന് ആവശ്യമായ രൂപത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രമീകരിച്ചിട്ടുള്ള നിലവിലെ പാസ്‌പോര്‍ട്ടില്‍ മാറ്റം വരുത്തുന്നതില്‍ ചെറിയൊരു ശതമാനം പോലും യോജിക്കുന്നില്ലെന്നാണ് അറിയുന്നത്. രാജ്യത്തെയും വിദേശങ്ങളിലെയും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ടിന്റെ നിറം നോക്കി മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് സര്‍വരും ആഗ്രഹിക്കുന്നു. പ്രവാസികള്‍ക്കിടയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരും പുതിയ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരുടെയും പിന്തുണ തേടി അധികൃതരെ കാണാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

chandrika: