ന്യൂഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തികത വിവരങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക്‌നെറ്റിലാണ് വിവരങ്ങള്‍ വി ല്‍പനക്കുവെച്ചത്. ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐ.സി.എം. ആറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഒക്ടോബര്‍ ഒമ്പതിന് ‘പിഡബ്ല്യുഎന്‍0001’ എന്ന യൂസര്‍നെയിമിലുള്ള ഹാക്കറാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. യു.എസ് സൈബര്‍ സെക്യൂരിറ്റ സ്ഥാപനമായ റിസെക്യൂരിറ്റിയാണ് ഡാറ്റ ചോര്‍ച്ച കണ്ടെത്തിയത്.
ആധാറിനും പാസ്‌പോര്‍ട്ടിനും പുറമേ വോട്ടര്‍ ഐ.ഡി വിവരങ്ങളും ഡ്രൈവിങ് ലൈസന്‍സ് റെക്കോര്‍ഡുകളും ചേര്‍ന്നു. ഫോണ്‍ നമ്പറുകളും ഐഡിന്റിറ്റി ഡോക്യുമെന്റ്, അഡ്രസ് എന്നിവയും വില്‍പനക്കുണ്ട്. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു ഡാര്‍ക്ക് വെബില്‍ വിലയിട്ടിരുന്നത്. ഐ.സി.എം.ആറിന് പുറമേ കൊവിഡ്19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുമുണ്ട്. അതിനാല്‍ ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവര ചോര്‍ച്ചയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.