ഹൈദരാബാദ്: ജോദ്പൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത 13പേരെ മയക്കുമരുന്ന് ചേര്‍ത്ത ബിസ്‌ക്കറ്റ് നല്‍കി കൊള്ളയടിച്ചു. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. യാത്രക്കാരുമായി അടുത്ത് പരിചയപ്പെടുകയും സൗഹൃദം ഭാവിക്കുകയും ചെയ്ത ശേഷമാണ് അക്രമികള്‍ ബിസ്‌കറ്റ് വാഗ്ദാനം ചെയ്തത്. ഇത് വാങ്ങിക്കഴിച്ച യാത്രക്കാര്‍ അല്‍പസമയത്തിനകം ബോധരഹിതരായി. ഇതോടെ ലഗേജുകളും പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാരാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതേതുടര്‍ന്ന് പൊലീസ് എത്തി അബോധാവസ്ഥയിലായ യാത്രക്കാരെ ആസ്പത്രിയിലേക്ക് മാറ്റി. ഇതിനിടെ ബിദര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസിലും മോഷണം അരങ്ങേറി. രണ്ട് യാത്രക്കാരെ ഒരു സംഘം അക്രമികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പണവും മറ്റും കവര്‍ന്നത്. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യാത്രക്കാരുടെ ബഹളം കേട്ട് റെയില്‍വെ പൊലീസ് സ്ഥലത്ത് ഓടിയെത്തി. എന്നാല്‍ ഇവര്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ഇതിനിടെ സര്‍വീസ് റിവോള്‍വറില്ലാതെ സ്ഥലത്തെത്തിയ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ വി.കെ മീണയെ അക്രമികള്‍ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ബൈക്ക് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.