X

മസ്‌കറ്റ്-കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് പുക ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇന്നു രാവിലെ ഒമാന്‍ സമയം 11.30ഓടെയാണ് സംഭവം. കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എഎക്‌സ് 442 വിമാനത്തിലാണ് പുക കണ്ടത്.

യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്‌സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ എല്ലാവരെയും പുറത്തെത്തിച്ചു.

നാലു കുഞ്ഞുങ്ങളടക്കം 141 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 15 ലധികം പേര്‍ക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാര്‍ പരക്കം പായുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കുഞ്ഞുങ്ങളെയും എടുത്ത് യാത്രക്കാര്‍ ഓടുന്നതും വീഡിയോയില്‍ കാണാം. അപകടവിവരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയില്‍ നിന്ന് മറ്റൊരു എയര്‍ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

Watch Video: 

Chandrika Web: