X
    Categories: keralaNews

പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കും, നിരക്ക് കൂടും

കൊച്ചി: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ പുനസ്ഥാപിക്കുന്നു. അടുത്തമാസം മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസായിട്ടാണ് പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുന്നതെങ്കിലും നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. ഇതോടെ യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് നിരക്ക് നല്‍കേണ്ടി വരും. ടിക്കറ്റുകള്‍ കൗണ്ടറുകളില്‍ നിന്നും യു.ടി.എസ് ആപ്പില്‍ നിന്നും ലഭിക്കും.

ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ മൂന്നു മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ നാലു മുതലും സര്‍വീസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ 11 മുതല്‍ ഓടിത്തുടങ്ങും. തൃശൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നു പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിലെത്തും. കണ്ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.ഷൊര്‍ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ട് രാത്രി 11.10ന് തൃശൂരിലെത്തും. രാവിലെ 8.20ന് കൊല്ലത്ത് നിന്നുപുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു 12.30ന് എറണാകുളത്തെത്തും.

എറണാകുളത്ത് നിന്ന് രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്തെത്തും. രണ്ടു സര്‍വീസുകളും ബുധനാഴ്ചകളില്‍ ഉണ്ടാകില്ല. കൊല്ലം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തുന്ന രീതിയിലാണ് മടക്ക ട്രെയിന്‍.

Chandrika Web: