ഖസാഖിസ്ഥാനില്‍ അടിയന്തരമായ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരായ 38 പേര്‍ മരിക്കുകയും 29 പേര്‍ രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട്. 67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
ഖസാഖിസ്ഥാന്‍ ഉപപ്രധാനമന്ത്രി കാനറ്റ് ബൊസുംബേവ് അക്റ്റൗവില്‍ അസര്‍ബൈജാനി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് വടക്കന്‍ കോക്കസിലെ റഷ്യന്‍ നഗരമായ ഗ്രോസാനിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഖസാഖിസ്ഥാനിലെ അക്തൗ നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബാക്കുവിനും ഗ്രോസ്‌നിക്കും ഇടയിലുള്ള വഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ ഉണ്ടായ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണതായാണ് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞത്.
അതേസമയം അടിയന്തര ലാന്‍ഡിങ്ങിനിടെയുണ്ടായ അപകടമാണെങ്കില്‍ കൂടിയും അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷികളുടെ കൂട്ടത്തിലേക്ക് വിമാനം ഇടിച്ചതായും അതിനാലാണ് അക്തൈവിലേക്ക് വഴിതിരിച്ചുവിട്ടതെന്നും റഷ്യ ഏവിയേഷന്‍ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മോശം കാലാവസ്ഥയെ തുടര്‍ന്ന് തന്നെയാണോ വിമാനത്തിന്റെ ഗതിമാറിയതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായ അന്വേഷണമുണ്ടാവുമെന്ന് കസാഖിസ്ഥാന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ മിനിസ്ട്രി അറിയിച്ചു.
ഒരു വിമാനം നിലത്തുവീഴുകയും അഗ്‌നിഗോളമായി മാറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.