നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.
ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.
അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.