കൊച്ചി: നടി പാര്‍വ്വതി തിരുവോത്ത് താരസംഘടന അമ്മയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് അമ്മയില്‍ വിവാദം പുകയുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. എന്നാല്‍ മന:സാക്ഷിയുള്ളവര്‍ രാജിവെക്കുമെന്നുള്ള പരാമര്‍ശം ഏറെ ശ്രദ്ധയോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്.
നടി മഞ്ജുവാര്യറുടേയും ദിലീപിന്റേയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കാന്‍ കാരണമായത്. എന്നാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മ സംഘടന തഴഞ്ഞപ്പോഴും മഞ്ജുവാര്യര്‍ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതിഷേധിച്ച് അന്നും നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും മഞ്ജുവാര്യറും പാര്‍വ്വതിയും സംഘടനയില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് സിനിമയിലെ വനിതകളുടെ സംഘടനയെന്ന പേരില്‍ ഡബ്ല്യുസിസി നിലവില്‍ വന്നു. എന്നാല്‍ ഇതിനോടും മഞ്ജുവാര്യര്‍ക്ക് വിയോജിപ്പുുണ്ടായിരുന്നു എന്നായിരുന്നു വിവരം. എങ്കിലും ഇരു സംഘടനകളില്‍ നിന്നും താരം ഇതുവരേയും രാജിവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം പാര്‍വ്വതി പുറത്തിറക്കിയ കുറിപ്പിലാണ് മന:സാക്ഷിയുള്ളവര്‍ അമ്മയില്‍ നിന്നും രാജിവെക്കുമെന്നുള്ളത്. എന്നാല്‍ ഇത് ആരെയൊക്കെയാണ് എന്ന് വ്യക്തമല്ല. അന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോട് പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മുന്‍നിര യുവതാരങ്ങളേയും പാര്‍വ്വതി ഉദ്ദേശിച്ചിട്ടുണ്ടാവാം. നാനൂറിന് മുകളില്‍ അംഗങ്ങളുള്ള അമ്മയില്‍ നിന്ന് ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പുറത്തുപോയിട്ടുള്ളത്.
അതേസമയം, സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലുള്ളവര്‍ പാര്‍വ്വതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുന്‍നിര താരങ്ങളാരും പിന്തുണ നല്‍കിയിട്ടില്ല. സീനിയര്‍ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, ജയറാം ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും മൗനത്തിലാണ്. ഇത് സാമൂഹ്യമാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നുമുണ്ട്.
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചത്. നടിമാരായ റിമകല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്. എന്നാല്‍ മഞ്ജുവാര്യര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നില്ല. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ജുവാര്യര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.