ഫസലുറഹ്മാന്‍
കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്‌മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്‍ തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി കൊമ്പന്മാരിലേക്കൊന്നും ചെന്നെത്താതെയായിരിക്കും കേസിന്റെ അന്വേഷണം പോകുക.
നേരത്തെ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഇറക്കി കൊണ്ടുവന്ന സജി ജോസഫ് അടക്കമുള്ള പ്രതികള്‍ കേസില്‍ കുടുങ്ങി കിടക്കുമ്പോഴാണ് അന്വേഷണം പീതാംബരനില്‍ ഒതുക്കി പാര്‍ട്ടി രക്ഷപ്പെടുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപ് കുമാറും പറയുന്നത് പീതാംബരനാണ് കേസില്‍ എല്ലാം എല്ലാമെന്നാണ്. കഞ്ചാവടിച്ചല്ല, മദ്യപിച്ചാണ് ഇയാള്‍ കൃത്യം ചെയ്തിരിക്കുന്നത്. സജി ജോസഫ് പീതാംബരന്റെ അടുത്ത കൂട്ടുകാരനുമാണ്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പുറത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘമില്ലെന്ന് തന്നെയാണ് പ്രാഥമിക കേസന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നത്. ക്രൈംബ്രാഞ്ച് ഇതു തന്നെ തുടരും. എന്നാല്‍ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലോ മറ്റോ പുറത്തിറങ്ങിയിട്ടുണ്ടോ അവര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ തുടങ്ങിയ അന്വേഷണങ്ങളും ഇനിയും നടന്നിട്ടില്ല.
പാര്‍ട്ടി ഗ്രാമങ്ങളിലാണ് പീതാംബരന്‍ ഒളിവില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. സി.പി.എമ്മിന്റെ ഉദുമ ഏരിയയുടെ കീഴിലുള്ള ചട്ടഞ്ചാല്‍ പാര്‍ട്ടി ഓഫീസിലാണ് ഇയാള്‍ താമസിച്ചത്. ഉദുമ ഏരിയ കമ്മിറ്റിയാണ് പീതാംബരനെ കേസില്‍ സംരക്ഷിക്കാനുള്ള നടപടികള്‍ നടത്തിയതെന്നും വ്യക്തം. ഇതെല്ലാം പൊലീസിന് തന്നെ അറിയാവുന്നതായിട്ടും റിമാന്റ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകം എന്ന് രേഖ പ്പെടുത്തിയിട്ടും പൊലീസ് തുടര്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരായി നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന ആരോപണവുമുണ്ട്. പാര്‍ട്ടികള്‍ മാറുന്നതിനനുസരിച്ച് കൂറു കാട്ടുന്നവര്‍ക്കാണ് കേസ് അ ന്വേഷണത്തിന്റെ ചാര്‍ജുകള്‍ നല്‍കിയിരുന്നതെന്ന ആരോപണവും പരക്കെയുണ്ട്.