X

എം.ഡി.സി ബാങ്കിനോട് അരിശം തീരാതെ പാര്‍ട്ടി പത്രം; കേന്ദ്ര സഹായം ഇല്ലെന്ന വാര്‍ത്ത അടിസ്ഥാന വിരുദ്ധം

അനീഷ് ചാലിയാര്‍
കോഴിക്കോട്‌

മലപ്പുറം ജില്ലാ ബാങ്കിനോട് അരിശം തീരാതെ പാര്‍ട്ടി പത്രം. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്നുള്ള ഫണ്ടുകള്‍ എം.ഡി.സി ബാങ്ക് കാരണം ജില്ലക്ക് നഷ്ടപ്പെടുമെന്ന കുപ്രചരണവുമായാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രം പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക അടിസ്ഥാന വികസന നിധി (എ.ഐ.എഫ് ) സഹായം മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കില്ലെന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്.

സംസ്ഥാനത്തിന് കഴിഞ്ഞ തവണ 1200 കോടി രൂപ സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ടായി നബാര്‍ഡ് നല്‍കിയിരുന്നു. കേരള ബാങ്കില്‍ ലയിച്ചില്ലെന്ന് പറഞ്ഞ് ഈ സഹായം സഹകരണ വകുപ്പ് മലപ്പുറം ജില്ലക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലാ ബാങ്ക് ഭരണസമിതി നബാര്‍ഡിനെ നേരിട്ട് സമീപിക്കുകയും കുറഞ്ഞ നിരക്കില്‍ 200 കോടി രൂപയുടെ സഹായത്തിന് അനുമതി നേടുകയും ചെയ്തിരുന്നു. 200 കോടി അനുവദിച്ചതില്‍ പ്രാഥമിക സംഘങ്ങള്‍ ആവശ്യപ്പെട്ട 100 കോടി രൂപ എം.ഡി.സി ബാങ്ക് അനുവദിക്കുകയും ചെയ്തിരുന്നു. കേരള ബാങ്കിന് നല്‍കുന്ന സഹായം നബാര്‍ഡ് നേരിട്ട് ആവശ്യപ്പെടുന്ന മുറക്ക് ജില്ലാ ബാങ്കിനും നല്‍കുന്നുണ്ട്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് പാര്‍ട്ടി പത്രം ഇത്തവണയും 250 കോടി രൂപ മലപ്പുറത്തിന് നഷ്ടമെന്ന് വരുത്തിത്തീര്‍ക്കുന്നത്.

സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാറിന്റെയും ഇംഗിതത്തിന് വഴങ്ങി കേരള ബാങ്കില്‍ ലയിക്കാത്തതിനുള്ള പാര്‍ട്ടി പത്രത്തിന്റെ അരിശം തീര്‍ക്കാന്‍ എം.ഡി.സി ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് പാര്‍ട്ടി പത്രത്തില്‍ അടിക്കടി നല്‍കുന്നത്.

Test User: