X
    Categories: CultureMoreNewsViews

പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം: നിതിന്‍ ഗഡ്കരി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് ഗഡ്കരി പറഞ്ഞു. പൂനെ ജില്ലാ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാല്‍ പരാജയം അനാഥമാണ്. വിജയിക്കുമ്പോള്‍ അതിന്റെ അംഗീകാരം സ്വന്തമാക്കാന്‍
പലരും മത്സരമായിരിക്കും. എന്നാല്‍ പരാജയം ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്’ ഗഡ്കരി പറഞ്ഞു. പരാജയം നേരിടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വാസം തെളിയിക്കാനാകില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയത്തില്‍, സംസ്ഥാന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടാന്‍ തുടങ്ങി. നിങ്ങള്‍ക്ക് പരാജയം നേരിട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങള്‍ക്കും പാര്‍ട്ടിക്കും ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിക്കാത്തതിനാലാണെന്ന് തോല്‍വി നേരിട്ട ഒരു സ്ഥാനാര്‍ത്ഥിയോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ്’ഗഡ്കരി ഓര്‍മ്മപ്പെടുത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: