X

പാര്‍ട്ടി കോണ്‍ഗ്രസ് നാളെ മുതല്‍; എസ്.ആര്‍.പി പുറത്ത്‌

CPIM FLAG

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ മുതല്‍ കണ്ണൂരില്‍ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത് 75 വയസ് മാനദണ്ഡം നടപ്പാക്കുമ്പോള്‍ ആരെല്ലാം പുറത്ത് പോകുമെന്നാണ്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍, വൈക്കം വിശ്വം എന്നിവരാണ് 75വയസ്സ് പിന്നിട്ടത്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഈ മാനദണ്ഡം ബാധിക്കില്ലെന്ന് ഉറപ്പാണ്. കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന ലഭിക്കുമെന്നുറപ്പാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ മാത്രം കെല്‍പ്പ് നിലവിലുള്ള കേന്ദ്രനേതാക്കള്‍ക്കില്ല.പോളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രന്‍ പിള്ള പുറത്താവും. എന്നാല്‍ അദ്ദേഹത്തിന് പകരം ആര് എന്ന ചോദ്യം ഉയരുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് സാധ്യത.

കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായ വിഎസ് അച്യുതാനന്ദനെയും പാലോളി മുഹമ്മദ് കുട്ടിയെയും ഒഴിവാക്കിയേക്കും. പകരം കേന്ദ്ര കമ്മിറ്റിയില്‍ എസ്ആര്‍പിയെയും പി കരുണാകരനെയും പ്രത്യേക ക്ഷണിതാക്കളായി പരിഗണിക്കാനാണ് സാധ്യത. 82 വയസ്സുള്ള വൈക്കം വിശ്വനെയും 76 വയസായ പി കരുണാകരനെയും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പകരം മുഹമ്മദ് റിയാസ്, പി രാജീവ് എന്നിവരെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലുള്ള മൂന്ന് വനിതാ അംഗങ്ങളില്‍ ഒരാളെ പിബിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. അങ്ങിനെയെങ്കില്‍ പികെ ശ്രീമതിക്കാണ് കൂടുതല്‍ സാധ്യത. നിലവില്‍ പിണറായിക്ക് പുറമെ കോടിയേരി ബാലകൃഷ്ണന്‍, എസ്ആര്‍പി, എംഎ ബേബി എന്നിവരാണ് കേരളത്തില്‍ നിന്ന് പിബിയിലുള്ളത്. പ്രത്യേക ക്ഷണിതാക്കളായ വിഎസ് അച്യുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവരുള്‍പ്പെടെ 18 പേര്‍ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലുമുണ്ട്.

Test User: