ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് സംഭവം. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എസ്.എന്‍.സി.യുവിലേക്ക് മാറ്റിയ കുഞ്ഞ് അന്ന് വൈകുന്നേരത്തോടെ മരിച്ചിരന്നു.
തുടര്‍ന്ന്, മൃതദേഹം കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും ആശുപത്രിയുടെ ടാഗ് ഉണ്ടായതിനാലാണ് കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.