മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് വിശ്രമം നല്‍കി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമല്ലെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. പാര്‍ത്ഥിവ് പട്ടേലിന്റെ ഫോം പരിഗണിച്ചാണ് സാഹക്ക് വിശ്രമം നല്‍കിയതെന്നാണ് പിന്നാമ്പുറക്കഥകള്‍.
എട്ട് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പാര്‍ത്ഥിവ് മൊഹാലി ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 42ഉം രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക 67 റണ്‍സും നേടിയ പാര്‍ത്ഥിവ് കരുത്ത് തെളിയിച്ചിരുന്നു. ഒരു ടെസ്റ്റിന് മാത്രം കളിപ്പിച്ച് ഫോം നില്‍ക്കെ ഒഴിവാക്കുന്നത് പഴികേള്‍ക്കാനിടയാക്കുമെന്ന് കണ്ടാണ് ബി.സിസി.ഐ പാര്‍ത്ഥിവിന് ഒരവസരം കൂടി നല്‍കിയിരിക്കുന്നത്.
വിശാഖപ്പട്ടണത്ത് നടന്ന ടെസ്റ്റിനിടെയാണ് സാഹക്ക് പരിക്കേറ്റത്. പരിക്ക് ഭേദമായട്ടുണ്ടെങ്കിലും വിശ്രമം നല്‍കുകയായിരുന്നു. വ്യാഴാഴ്ചയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. വിശാഖപ്പട്ടണത്ത് 246 റണ്‍സിനും മൊഹാലിയില്‍ എട്ട് വിക്കറ്റിനുമായിരുന്നു കോഹ്‌ലിയുടെ സംഘം ജയിച്ചുകയറിയത്.