ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കും; നെതന്യാഹു

ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ബന്ദികളെ വിട്ടയക്കുന്നത് വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രാഈല്‍ മന്ത്രി റോണ്‍ ഡെര്‍മര്‍ അമേരിക്കന്‍ നേതാക്കളുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി.

ഇന്നലെ ചേര്‍ന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തില്‍ ഗസ്സയില്‍ സൈനിക നടപടി കടുപ്പിക്കാന്‍ നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഗസ്സയിലെ സെയ്തൂന്‍, തെല്‍ അല്‍ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രാഈല്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഈജിപ്ത് മുന്നോട്ടു വച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് അമേരിക്കയും ഇസ്രാഈലും അന്തിമ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗസ്സയില്‍ നിന്ന് ബിര്‍ ഷെബക്കുനേരെ ഹമാസ് പോരാളികള്‍ അയച്ച റോക്കറ്റുകള്‍ പ്രതിരോധിച്ചതായി ഇസ്രാഈല്‍ സേന അറിയിച്ചു.

24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ 38 പേര്‍ കൂടി കൊല്ലപ്പെട്ടു. 124 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

webdesk18:
whatsapp
line