ലണ്ടന്‍: ലണ്ടനിലെ തുരങ്കപാതയില്‍ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോനവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന്‍ അറസ്റ്റില്‍. ഡോവറില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 30 പേര്‍ക്ക് പരിക്കേറ്റ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്തിയത് തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്ന് ഐ.എസ് പറയുന്നു. സംഭവത്തിലെ അറസ്റ്റ് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണെന്നും ഭീകരാക്രമണ ഭീഷണി ഗുരുതരമായി തുടരുന്നുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ആഭ്യന്തര സെക്രട്ടറി ആംബര്‍ റുഡിന്റെ അധ്യക്ഷതയില്‍ കോബ്ര അടിയന്തര സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണം ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത ശക്തമാക്കി. ലണ്ടനിലും മറ്റു തന്ത്രപ്രധാന നഗരങ്ങളിലും കൂടുതല്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റിലായ പതിനെട്ടുകാരനെ കെന്റില്‍നിന്ന് ദക്ഷിണ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. സ്‌ഫോടക വസ്തു സ്ഥാപിച്ച അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി ബിബിസി പറയുന്നു. ടൈമര്‍ ഘടിപ്പിച്ച ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ശരിയായി പൊട്ടിത്തെറിക്കാത്തതുകൊണ്ടാണ് ദുരന്ത വ്യാപ്തി കുറഞ്ഞതെന്നും പൊലീസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. 45 ദൃക്‌സാക്ഷികളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. 77 ഫോട്ടോകളും വീഡിയോകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന് സ്റ്റേഷനില്‍ രാവിലെ എട്ടു മണിക്കാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരെയും പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലുമാണ് ചിലര്‍ക്ക് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈവര്‍ഷം ലണ്ടനിലുണ്ടായ നാലു വ്യത്യസ്ത ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.
- 7 years ago
chandrika