ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് പരോള്‍ അനുവദിച്ചത്.
നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതികള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ച ഉടനാണ് പരോള്‍ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകള്‍ അനുവദിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്.
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറില്‍ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി 11 പേര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരാള്‍ ലംബു പ്രദീപിന് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു.
സിപിഎം മുന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ 2020 ജൂണ്‍ 11 ന് ജയില്‍വാസത്തിനിടെ മരിച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എയായി.