X

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിച്ചതായി സര്‍ക്കാര്‍

ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ കാര്യം അറിയിച്ചത്.

ഡല്‍ഹിക്ക് ചുറ്റുമായി വിവിധ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.

എല്ലാ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബറില്‍ മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നിരുന്നു. നിലവിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ മൂന്ന് കാര്‍ഷിക ബില്ലുകളടക്കം 27 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി.

‘കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് ശീതകാലം വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിച്ചു’ പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് എംപിക്ക് അയച്ച മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളോട് മന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ആറു മാസത്തിലൊരിക്കല്‍ പാര്‍ലമെന്റ് സമ്മേളിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

 

Test User: