ന്യൂഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് സമിതി (പി.എ.സി) വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. വിഷയത്തില്‍ മറുപടിക്കായി 10 ചോദ്യങ്ങള്‍ സമിതി പട്ടേലിന് അയച്ചു കൊടുത്തിട്ടുണ്ട്. ജനുവരി 28ന് ഹാജരാകണമെന്നാണ് കെ.വി തോമസ് എം.പി അധ്യക്ഷനായ സമിതിയുടെ തീരുമാനം. ആര്‍.ബി.ഐയുടെ തീരുമാനങ്ങളെടുക്കുന്നതിലെ സ്വാതന്ത്ര്യം, നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ ആഘാതം, വിഷയത്തില്‍ ഇടക്കിടെ ആര്‍.ബി.ഐ നയം മാറ്റിയത് തുടങ്ങിയവയെ കുറിച്ചാണ് ചോദ്യങ്ങള്‍.
ചോദ്യങ്ങള്‍ ഇപ്രകാരം
1-നോട്ട് അസാധുവാക്കാനുള്ള തീരുമാനം എടുത്തത് ആര്‍.ബി.ഐയും അതിന്റെ ബോര്‍ഡുമാണ് എന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ആര്‍.ബി.ഐ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ യോജിക്കുന്നുണ്ടോ?
2- തീരുമാനം ആര്‍.ബി.ഐയുടേത് ആയിരുന്നെങ്കില്‍ ആ തീരുമാനം കേന്ദ്രബാങ്ക് എടുത്തത് എന്ന്?
3- ഒറ്റരാത്രി കൊണ്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണമായി ആര്‍.ബി.ഐ ചൂണ്ടിക്കാണിക്കുന്നതെന്ത്?
4-500 കോടി മാത്രമാണ് രാജ്യത്തെ കള്ളപ്പണം എന്നാണ് ആര്‍.ബി.ഐയുടെ കണക്കുകള്‍ കാണിക്കുന്നത്. ജി.ഡി.പിയിലേക്കുള്ള ഇന്ത്യയുടെ കറന്‍സി പണം 12 ശതമാനമാണ്. ഇത് ജപ്പാനേക്കാളും (18%) സ്വിറ്റ്‌സര്‍ലന്‍ഡിനേക്കാളും (13%) കുറവാണ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഇന്ത്യയുടെ മൊത്തം കറന്‍സിയുടെ 86 ശതമാനം വരും. ചൈനയില്‍ അത് 90 ശതമാനവും യു.എസില്‍ 81 ശതമാനവുമാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഈ കറന്‍സികള്‍ പി്ന്‍വലിക്കാനുള്ള ഭീതിയെന്തായിരുന്നു.
5-നവംബര്‍ എട്ടിന് അടിയന്തര യോഗം ചേരാന്‍ ആര്‍.ബി.ഐ ബോര്‍ഡിന് കേന്ദ്രം നോട്ടീസ് അയച്ചിരുന്നോ? ആരെല്ലാം ആ യോഗത്തില്‍ പങ്കെടുത്തു? എത്ര സമയം യോഗം നീണ്ടു നിന്നു? യോഗത്തിലെ മിനുട്‌സ് എവിടെയാണ്?
6- നോട്ടു അസാധുവാക്കി കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച നോട്ടില്‍ രാജ്യത്തിന്റെ 86 ശതമാനം കറന്‍സിയും നിരോധിക്കാനാണ് പോകുന്നത്, ഇതേ തുടര്‍ന്നുണ്ടാകുന്ന ചെലവുകള്‍ ഇത്രയാണ് പണം വീണ്ടും വ്യവഹാരത്തില്‍ തിരിച്ചെത്താന്‍ ഇത്ര സമയമെടുക്കും എന്ന് ആര്‍.ബി.ഐ ചൂണ്ടിക്കാണിച്ചിരുന്നോ?
7- നവംബര്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 10000 രൂപയും ഒരാഴ്ച 20000 രൂപയും ആയിരുന്നു. എ.ടി.എമ്മില്‍ നിന്ന് രണ്ടായിരം രൂപയാണ് പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. ഏത് നിയമത്തിന്റെയും അധികാരത്തിന്റെയും കീഴിലാണ് ജനങ്ങള്‍ക്ക് സ്വന്തം പണം പിന്‍വലിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്? രാജ്യത്ത് റേഷന്‍ കറന്‍സി നടപ്പാക്കാന്‍ ആര്‍.ബി.ഐക്ക് എന്ത് അധികാരമാണ് ഉള്ളത്. നിയമം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളെ എന്തു കൊണ്ട് കുറ്റവിചാരണ ചെയ്തുകൂടാ? അധികാര ദുര്‍വിനിയോഗം നടത്തിയെന്നതിന്റെ പേരില്‍ തസ്തികയില്‍ നിന്ന് നീക്കം ചെയ്തുകൂടാ?
8- രണ്ടു മാസത്തിനിടെ ആര്‍.ബി.ഐ നയങ്ങളില്‍ എന്തുകൊണ്ടാണ് ഇത്രയധികം വീഴ്ചയുണ്ടായത്? പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷിപുരട്ടണമെന്ന ആശയം മുന്നോട്ടു വെച്ച ആര്‍.ബി.ഐ ഉദ്യോഗസ്ഥന്റെ പേരു പറയൂ. വിവാഹവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് ആരാണ് കരടുണ്ടാക്കിയത്? ഇതുണ്ടാക്കിയത് ആര്‍.ബി.ഐ അല്ല, സര്‍ക്കാറാണ് എങ്കില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ ഭാഗം മാത്രമാണോ ആര്‍.ബി.ഐ?
9- കൃത്യമായി എത്ര പണം അസാധുവാക്കി? എത്ര പണം ബാങ്കില്‍ തിരിച്ചെത്തി? നോട്ട് നിരോധനത്തിന് നിര്‍ദേശം കൊടുക്കുമ്പോള്‍ എത്ര പണം തിരിച്ചുവരുമെന്നായിരുന്നു ആര്‍.ബി.ഐയുടെ പ്രതീക്ഷ?
10 വ്യക്തിപരമായി പരിക്കേല്‍പ്പിക്കുമെന്ന് ഭയമുണ്ട്് തുടങ്ങിയ ബാലിശമായ ന്യായം നിരത്തി എന്തു കൊണ്ടാണ് ആര്‍.ടി.ഐ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ ഉത്തരം നിഷേധിക്കുന്നത്?