ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രശ്‌നം രൂക്ഷമായിരിക്കെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം. 22 ദിവസം നീളുന്ന സമ്മേളനത്തില്‍ പുതുതായി ഒമ്പതു ബില്ലുകളടക്കം 32 ബില്ലുകള്‍ അവതരിപ്പിക്കും.
പൊതുവ്യക്തിനിയമം, ദളിത് പീഡനം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ തയാറെടുക്കുന്ന പ്രതിപക്ഷത്തിന് നോട്ട് നിരോധനമെന്ന അപ്രതീക്ഷിത ആയുധം കൂടി കിട്ടിയതോടെ ഇത്തവണ സമ്മേളനം ബഹളമയമാകുമെന്ന് ഉറപ്പായി. നോട്ടു വിഷയം ഇന്നു തന്നെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികള്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരത്തിനിടെ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തതും പാക് അധീന കശ്മീരില്‍ അതിര്‍ത്തി കടന്നു നടത്തിയ മിന്നലാക്രമണവും ജമ്മുകശ്മീരിലെ സ്ഥിതിയുമുള്‍പ്പെടെ കാര്യങ്ങള്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയേക്കും.