ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ ഡല്‍ഹിയില്‍ രാജ്ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു. ജാനാധിപത്യത്തെ കാറ്റില്‍ പറത്തി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം, പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. എട്ട് എംപിമാരുടെ സസ്പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയെടുത്ത്. കാര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്‍ഷിക ബില്ലടക്കം അഞ്ച് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്‍ രാജ്യസഭ കടന്നത്.
നിലവില്‍ പാസായ ബില്ലുകളില്‍ രാജ്യത്ത് കര്‍ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്‍ക്കെയാണ് മൂന്നാമത്തെ കാര്‍ഷിക ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്‍ 2020.
ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും. ബില്ലുകല്‍ പാസാക്കുന്നതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.
അതേസമയം, കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം നടന്നു. എംപിമാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് എംപിമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞി ചേരുന്ന ലോക്‌സഭാ സമ്മേളനത്തെയും കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച ലോക്സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. യോഗ നടപടികൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ ആരംഭിക്കും. നേരത്തെ രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ എട്ട് എംപിമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നും കാര്‍ഷിക ബില്ലുകളില്‍ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയിരുന്നു.