X

പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍: മുത്തലാഖ് ബില്‍, ബാങ്ക് തട്ടിപ്പ്; സഭ പ്രക്ഷുബ്ദമാവും

സ്വന്തം ലേഖകന്‍

ന്യുഡല്‍ഹി: ഒരു മാസ കാലത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സമ്മേളിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിക്ക് ശേഷം ചേരുന്ന സമ്മേളനം വിവിധ നിയമനിര്‍മ്മാണങ്ങളടക്കം നിരവധി രാഷട്രീയ നീക്കങ്ങള്‍ക്ക് സാക്ഷിയാവും. സാമ്പത്തിക തട്ടിപ്പു തടയുന്ന ഫ്യുജിറ്റിവ് എക്കണോമിക്ക് ഒഫന്‍ഡേര്‍സ് ബില്ലും, മുത്തലാഖ് ബില്ലും സഭ പരിഗണിക്കും. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന് സഭ അംഗീകാരം നല്‍കുന്നതോടപ്പം ഒബിസി കമ്മീഷന് ഭരണഘടന പരിരക്ഷ നല്‍കുന്ന ഒബിസി ബില്ലും ബജറ്റ് സെഷന്‍ രണ്ടാം പകുതിയില്‍ പാസ്സായേക്കും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ചര്‍ച്ചയിലേക്ക് കടക്കുക. എന്നാല്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയടക്കം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വര്‍ധനയും പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. ഡയമണ്ട് വ്യാപാരി നീരവ് മോദിയുടെതടക്കം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തിന് സര്‍ക്കാര്‍ സഭയില്‍ മറുപടി പറയേണ്ടി വരും. ജനുവരിയില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി ഫോട്ടോ എടുത്തത് സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പിന് സഹായം നല്‍കുന്നതിന് തെളിവാണന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി സഭയില്‍ ചുടെറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. അഴിമതി അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ് നോട്ടീസ് സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം നല്‍കുന്ന ആത്മവിശ്വാസം ഭരണപക്ഷത്തെ കൂടുതല്‍ ആക്രമോത്സുകമാക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെ ഐഎന്‍എക്‌സ് മാധ്യമ കൈക്കൂലി കേസില്‍ സിബിഐ ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തത് കോണ്‍ഗ്രസിനെ സഭാ സമ്മേളന കാലത്ത് പ്രതിരോധത്തിലാക്കാനാണന്നാണ് കരുതപ്പെടുന്നത്. മുത്തലാഖ് ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. മുസ്ലിം പുരുഷന്‍മാരെ അന്യായമായി തടവില്‍ പാര്‍പ്പിക്കാന്‍ ദുരപയോഗം ചെയ്യപ്പെടാവുന്ന ബില്ലാണിതന്ന് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ സഭയില്‍ ആരോപിച്ചിരുന്നു. രാജ്യസഭയില്‍ ശക്തമായ പ്രതിഷേധമാണ് ബില്ലിനെതിരെ ഉയര്‍ന്നത്. ബില്ല് സഭാ സമിതിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ കക്ഷികളുമായി ഒത്തുതീര്‍പ്പിലെത്തി മുത്തലാഖ് ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

chandrika: