പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ബിജെപിയിലെ ഭര്‍തൃഹരി മെഹ്താബ് പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിക്കുന്ന 18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായാണ് പ്രോ-ടേം സ്പീക്കര്‍ ചുമതലയേറ്റത്. പുതിയ എംപിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
അതേസമയം പ്രതിഷേധസൂചകമായി പ്രോ ടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നും ഇന്ത്യാ സഖ്യം ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ആദ്യ രണ്ട് ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയുമാണ് നടക്കുക. പ്രോ ടെം സ്പീക്കര്‍ മുതല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരെ ചൂടേറിയ വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും.
നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ ഭരണഘടനയുടെ പകര്‍പ്പുമായി ഗാന്ധി പ്രതിമയ്ക്ക് സമീപം ഒത്തുകൂടി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ് കോണ്‍ഗ്രസ് എംപിമാര്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ മാറ്റിയ സ്ഥലത്ത് സമ്മേളിച്ചത്. ഭരണഘടനയുടെ പതിപ്പ് കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് എത്തിയത്.