ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം ഭീമാബദ്ധമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം.
തീരുമാനത്തെ ന്യായീകരിക്കാന്‍ ഓരോ ദിവസവും ഓരോ വിശദീകരണങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ കേന്ദ്രബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചിദംബരം. ആഭ്യന്തര വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെ കുറവാണ് തീരുമാനം മൂലമുണ്ടാകുക. ഒരുപക്ഷേ, അത് രണ്ട് ശതമാനമാകാം. ബജറ്റ് അതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയെയാണ് നോട്ടുനിരോധനം ആഴത്തില്‍ ബാധിച്ചത്. ഒന്നര ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ താഴോട്ടാണ്. നവംബര്‍ എട്ടിന് ശേഷം (നോട്ടുനിരോധനം പ്രഖ്യാപിച്ച ദിവസം) ശേഷം എല്ലാ തൊഴില്‍ സാധ്യതകളും സര്‍ക്കാര്‍ നശിപ്പിച്ചു കളഞ്ഞു.
ഇപ്പോള്‍ എവിടെയാണ് ജോലി. രാജ്യത്തെ ചെറുകിട-ഇടത്തരം തൊഴില്‍ മേഖലകള്‍ 75 ശതമാനവും പൂട്ടിക്കഴിഞ്ഞു. അതിന് തങ്ങളെ കുറ്റപ്പെടുത്തേണ്ട. ഇതേക്കുറിച്ച് സ്വന്തം സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിനോട് ചോദിച്ചു നോക്കൂ- അദ്ദേഹം പറഞ്ഞു. ഒരു രാത്രി കൊണ്ടാണ് രാജ്യത്തെ 86 ശതമാനം കറന്‍സിയും നിരോധിച്ചത്. ഡല്‍ഹിയില്‍ ഒരു ഗ്രാമം ആദ്യ ഡിജിറ്റല്‍ ഗ്രാമമായെന്ന് പ്രഖ്യാപിച്ചു. അവിടെ പോയി അവിടത്തെ ജനങ്ങളോട് അതേക്കുറിച്ച് ചോദിച്ചു നോക്കൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രബജറ്റില്‍ താന്‍ തീര്‍ത്തും നിരാശനാണ്. നനഞ്ഞ പടക്കമാണത്. സമൂഹത്തിലെ ഒരു വിഭാഗത്തിനും ബജറ്റ് ആശ്വാസമുണ്ടാകില്ല. യുവാക്കള്‍ക്ക് ബജറ്റ് ഒരു പ്രതീക്ഷയും നല്‍കുന്നില്ല. രാജ്യത്തെ മൂലധന നിക്ഷേപം പുറത്തേക്കാണ് ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. നിക്ഷേപം കുറയുകയും ചെയ്യുന്നു. പിന്നെയെങ്ങനെയാണ് വ്യവസായം വളരുക? – അദ്ദേഹം ചോദിച്ചു.
- 8 years ago
chandrika