X

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്‍ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. മുത്തലാഖ് ബില്‍ സര്‍ക്കാരിന്റെ നേട്ടമാണ്, മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷത്തിനാണ് ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം, ഭരണഘടന മാറ്റിയെഴുതാനാനുള്ള നീക്കത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.ന്യൂന പക്ഷ പ്രീണനമല്ല, ശാക്തീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി കൂട്ടിചേര്‍ത്തു. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണകരമാകുന്ന പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. രണ്ടരലക്ഷം ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി. 2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടവും കര്‍ഷകര്‍ക്ക് ഇരട്ടിവരുമാനവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

chandrika: