X

‘പാർലമെന്റ് ആക്രമണത്തിന് കാരണം തൊഴിലില്ലായ്മ’; രാഹുൽ ഗാന്ധി

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. മോദിയുടെ നയങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കാന്‍ കാരണമായി. ഇതാണ് അതിക്രമത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളായതെന്ന് രാഹുല്‍ പറഞ്ഞു.

‘എന്തുകൊണ്ടാണ് ലോക്‌സഭയില്‍ സുരക്ഷാലംഘനമുണ്ടായത്? തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. മോദിയുടെ നയങ്ങള്‍ കാരണം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ല.

സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിനു പിന്നിലുള്ള കാരണം’, രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത നാലുപേരില്‍ 3 പേരും തൊഴില്‍രഹിതരായിരുന്നു. ഇതില്‍ 2 പേര്‍ ജോലി ലഭിക്കാത്തതില്‍ നിരാശരായിരുന്നുവെന്നും ഇവരുടെ കുടുബങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക്സഭയില്‍ അതിക്രമം നടത്തിയതിന് ഡി. മനോരഞ്ജന്‍, സാഗര്‍ ശര്‍മ എന്നിവരും പുറത്ത് മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചതിന് നീലം, അമോല്‍ ഷിന്‍ഡേ എന്നിവരുമാണ് അറസ്റ്റിലായിട്ടുള്ളത്.

നേരത്തെ ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ മനോരഞ്ജന്‍ ഇപ്പോള്‍ അച്ഛനെ കൃഷിയില്‍ സഹായിക്കുകയാണ്. ലാത്തൂര്‍ സ്വദേശിയായ അമോല്‍ ഷിന്‍ഡെ ആര്‍മി റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ടിരുന്നു.

ജിന്‍ഡില്‍ നിന്നുള്ള നീലം ആസാദ് ടീച്ചര്‍ ജോലിക്കായി ശ്രമിച്ചിരുന്നു. നാലാമനായ ലഖ്‌നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മ ഇലക്ട്രിക് റിക്ഷാ ഡ്രൈവറായിരുന്നു.

‘ഞങ്ങള്‍ വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരായിരുന്നില്ല. എന്നാലും ഞങ്ങള്‍ അവളെ പഠിപ്പിച്ചിരുന്നു. താന്‍ ആവശ്യമില്ലാതെ ഒരുപാട് പഠിച്ചെന്നും എന്നിട്ടും ജോലി കിട്ടിയില്ലെന്നും താന്‍ മരിക്കുന്നതാണ് നല്ലതെന്നും അവള്‍ സ്ഥിരമായി വീട്ടില്‍ പറയുമായിരുന്നു’, നീലത്തിന്റെ അമ്മ സരസ്വതി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

ആര്‍മി റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ടതില്‍ മകന്‍ നിരാശയിലായിരുന്നുവെന്ന് അമോലിന്റെ അമ്മയും പറയുന്നു.’എന്താണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.

എന്നാല്‍ പരിശ്രമിച്ചിട്ടും കിട്ടാതായതോടെ അവനെ വളരെ ദുഖിഃതനായിരുന്നു. തനിക്കിത് കിട്ടിയില്ലെങ്കില്‍ തന്റെ വിദ്യാഭ്യാസം കൊണ്ടും തയ്യാറെടുപ്പുകള്‍ക്കും എന്ത് ഉപയോഗമാണുള്ളതെന്ന് അവന്‍ പറയുമായിരുന്നു’, അവര്‍ കൂട്ടിച്ചേര്‍ത്തു.

 

webdesk13: