X
    Categories: indiaNews

വിഷം വമിപ്പിക്കുന്ന ചാനലുകളില്‍ പരസ്യം നല്‍കില്ലെന്ന നിലപാടുമായി പാര്‍ലെ ജിയും ബജാജും

മുംബൈ: വിഷം വമിപ്പിക്കുന്ന ചാനലുകളില്‍ പരസ്യം നല്‍കില്ലെന്ന നിലപാടുമായി പാര്‍ലെ ജി. പാര്‍ലെ ജിയുടെ തീരുമാനത്തെ കയ്യടികളോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ട്വിറ്ററില്‍ പാര്‍ലെ ജി ട്രെന്‍ഡിംഗായിരുന്നു.

പാര്‍ലെ ജിയുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യം വിഷം വമിപ്പിക്കുന്ന ചാനലുകളില്‍ നല്‍കില്ല. ഇത്തരം മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രധാന പരസ്യദാതാക്കളും മാധ്യമ ഏജന്‍സികളും പറഞ്ഞു.

നേരത്തെ, മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് ബജാജ് കമ്പനി രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ചാനലുകളുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

റിപ്പബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്ന് മുംബൈ പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബജാജ് നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലേക്ക് വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കാന്‍ ബജാജിനാകില്ല. ബിസിനസില്‍ ബ്രാന്‍ഡ് വളര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വ്യവസായം പടുത്തുയര്‍ത്തുക എന്നത് മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മ കൂടി ലക്ഷ്യമാക്കണമെന്നും രാജീവ് ബജാജ് പറഞ്ഞു.

കൃത്രിമമായി റേറ്റിംഗ് കൂട്ടാന്‍ റിപ്പബ്ലിക് ടി.വി ഓഫാക്കാതെ വയ്ക്കാന്‍ ടി.ആര്‍.പി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകള്‍ക്ക് പണം നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

chandrika: