X

പാര്‍ക്കിന്‍സണ്‍സ്; രോഗം അറിഞ്ഞ് ചികിത്സിക്കണം

ഡോ. ആശ കിഷോര്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് &
ഡയറക്ടര്‍, പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക്ക്
കോഴിക്കോട് ആസ്റ്റര്‍ മിംസ്.

വളരെ സുന്ദരമായി പോയ്കൊണ്ടിരിക്കുന്ന കുടുംബജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. രോഗികളെക്കാള്‍ ബാധിക്കപ്പെടുന്നത് അവരെ ആശ്രയിച്ചു ജീവിച്ചിരുന്നവരെയാണ്. പതിയെ പതിയെ ആരംഭിക്കുന്ന രോഗലക്ഷണങ്ങള്‍ തളര്‍ത്തുന്നത് രോഗിയെ മാത്രമല്ല ചുറ്റുമുള്ളവരെകൂടിയാണ്. വിറയല്‍, പേശികളുടെ മുറുക്കം, പ്രവര്‍ത്തന മന്ദത, വീഴുമെന്ന് തോന്നല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പതിയെ രോഗിയെ കിടക്കയിലാഴ്ത്തും. ഒന്ന് തിരിഞ്ഞു കിടക്കണമെങ്കില്‍ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. എന്തിനേറെ പറയുന്നു ഒരു കൊതുകോ ഉറുമ്പോ കടിച്ചാല്‍പോലും പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥവരെ എത്തിച്ചേരും.

ചികിത്സ?

തലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്മാന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. പ്രായം കൂടുംതോറും രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നു. പ്രധാനമായും ചലന സംബന്ധമായ പ്രശ്നങ്ങളാണ് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കാണുന്നത്. മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയ്ക്കും രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതില്‍ പലപ്പോഴും പരിമിതികള്‍ നേരിടാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഏറെ ആശ്വാസം പകരുന്ന ശസ്ത്രക്രിയാ ചികിത്സയ്ക്ക് ഇപ്പോള്‍ പ്രചാരമേറി വരികയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്ന ഡിബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷനാണ് അതിനൂനതമായ ശസ്ത്രക്രിയാ ചികിത്സ. തലച്ചോറിന്റെ പേസ്മേക്കര്‍ എന്നു വേണമെങ്കില്‍ ഡിബിഎസിനെ ലളിതമായി പറയാം.

എന്താണ് ഡിബിഎസ് തെറാപ്പി

തലച്ചോറിന്റെ പ്രത്യേക ഭാഗത്ത് (ഓരോ വശത്തും ഒന്ന്) സ്ഥാപിക്കുന്ന നേര്‍ത്ത ഇലക്ട്രോഡുകള്‍ വഴി ചെറിയ അളവില്‍ വൈദ്യുതി എത്തിക്കുകയാണ് ഡിബിഎസ് തെറാപ്പിയിലൂടെ ചെയ്യുന്നത്. തലയോട്ടി യിലുണ്ടാക്കുന്ന വളരെ ചെറിയ മുറിവിലൂടെയാണ് ഇവ സ്ഥാപിക്കുന്നത്. മസ്തിഷ്‌കം തുറന്ന് സര്‍ജറി നടത്തുന്ന സാധാരണ ന്യൂറോ സര്‍ജറിയില്‍ നിന്ന് വ്യത്യസ്തമായ ഈ സര്‍ജറിയെ സ്റ്റീരിയോടാക്റ്റിക് ന്യൂറോസര്‍ജറി എന്ന് വിളിക്കുന്നു ഇതിനു ശേഷം സങ്കീര്‍ണ്ണമായ പേസ്‌മേക്കര്‍ പോലുള്ള ഒരു ചെറിയ ഉപകരണം (ഇംപ്ലാന്റബിള്‍ പള്‍സ് ജനറേറ്റര്‍ – ഐപിജി) കഴുത്തെല്ലിന് താഴെയായി ഘടിപ്പിക്കും. കഴുത്തിലെ ചര്‍മ്മത്തിനടിയിലൂടെ കടന്നു പോകുന്ന ഒരു കേബിളാണ്
ഈ ഐപിജിയെ തലച്ചോറിനുള്ളിലെ രണ്ട് ഇലക്ട്രോഡുകളുമായി ബന്ധിപ്പിക്കുക. ബ്രെയിന്‍ എംആര്‍ഐയില്‍ ഇലക്ട്രോഡ് സ്ഥാനങ്ങളും അവയുടെ സഞ്ചാരപാതകളും ആസൂത്രണം ചെയ്യാന്‍ നിരവധി സോഫ്‌റ്റ്വെയര്‍ പാക്കേജുകള്‍ ഇന്ന് ലഭ്യമാണ്. ഡിബിഎസ് ഇലക്ട്രോഡ് ഇംപ്ലാന്റേഷന്‍ ചെയ്യുന്നതിന് മുമ്പ്, മൈക്രോ ഇലക്ട്രോഡ് റെക്കോര്‍ഡിംഗ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയ ഉപയോഗിച്ച് ലക്ഷ്യ സ്ഥാനത്ത് മസ്തിഷ്‌ക കോശങ്ങളുടെ ഫയറിംഗ് പാറ്റേണുകള്‍ രേഖപ്പെടുത്തിക്കൊണ്ട്, ചലന രോഗ വിദഗ്ദ്ധന്‍ സ്ഥാനത്തിന്റെ കൃത്യത സ്ഥിരീകരിക്കുന്നു. ഇതിനു ശേഷം ആ സ്ഥലത്തെ വൈദ്യുത ഉത്തേജനത്തിന്റെ ഗുണങ്ങളും പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി ഒരു ടെസ്റ്റ് ഉത്തേജനം നല്‍കും, കൃത്യമായ സ്ഥലം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഡിബിഎസ് ഇലക്ട്രോഡ് അവിടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഡിബിഎസ് ശസ്ത്രക്രിയക്ക് ശേഷമുള്ള ആഴ്ചകളില്‍, ചലനരോഗ വിദഗ്ധന്‍ രോഗിക്ക് ഏറ്റവും നല്ല ഫലങ്ങള്‍ നല്‍കുന്ന ക്രമീകരണങ്ങള്‍ കണ്ടെത്തും. ഈ പ്രക്രിയയെ പ്രോഗ്രാമിംഗ് എന്ന് വിളിക്കുന്നു. രോഗിയ്ക്ക് ഏറ്റവും ഗുണമുള്ള ഉത്തേജക ക്രമീകരണങ്ങള്‍ തിരിച്ചറിയാന്‍ ആദ്യത്തെ മൂന്ന് മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ കുറച്ച് പ്രോഗ്രാമിംഗ് സെഷനുകള്‍ ആവശ്യമായി വന്നേക്കാം. അതിനുശേഷം, ബാറ്ററി ക്രമീകരണങ്ങള്‍, ബാറ്ററി ലൈഫ്, മരുന്നുകള്‍ ക്രമീകരിക്കല്‍ എന്നിവയ്ക്കായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആശുപത്രിയില്‍ വന്നാല്‍ മതിയാകും.

ഏതെല്ലാം രോഗാവസ്ഥകള്‍ക്ക് ഡിബിഎസ് ചികിത്സ ഫലപ്രദമാണ്?

പാര്‍ക്കിന്‍സണ്‍ രോഗം, വിറയല്‍ (എസന്‍ഷ്യല്‍ ടൈമര്‍), പ്രൈമറി ജനറലൈസ്ഡ് ഡിസ്റ്റോണിയ എന്നിവയുടെ ചികിത്സയ്ക്കാണ് സാധാരണയായി ഡിബിഎസ് ശുപാര്‍ശ ചെയ്യുന്നത്. സെക്കന്ററി ഡിസ്റ്റോണിയ, ടൂറെറ്റ് സിന്‍ഡ്രോം എന്നിങ്ങനെയുള്ള ചിലതരം രോഗങ്ങളില്‍ മരുന്നുകൊണ്ടു മാത്രം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലും ഡിബിഎസ് ചികിത്സ വിജയകരമായി കാണാറുണ്ട്. ഡിബിഎസ് തെറാപ്പി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ അവസ്ഥയാണ് പാര്‍ക്കിന്‍സണ്‍ രോഗം. ഡിബിഎസ് ഈ രോഗങ്ങളെയൊന്നും പൂര്‍ണ്ണമായി ഭേദമാക്കുന്നി ല്ലെങ്കിലും അസാധാരണമായ ചലനങ്ങളുടെ തീവ്രത കുറയ്ക്കാനും രോഗികളുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും അതിനു സാധിക്കും.

ചലന സംബന്ധമായ രോഗലക്ഷണങ്ങള്‍ കാര്യമായി കുറയുന്നതോടെ രോഗിക്ക് ദൈനംദിന ജീവിതത്തില്‍ പ്രവൃത്തികള്‍ സ്വന്തമായി കൂടുതല്‍ എളുപത്തില്‍ ചെയ്യാന്‍ കഴിയുന്നതോടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു എന്നതാണ് ഡിബിഎസ് ശസ്ത്രക്രിയാ ചികിത്സയുടെ ഏറ്റവും വലിയ ഗുണം.

webdesk11: