X
    Categories: MoreViews

പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് ദക്ഷിണകൊറിയയില്‍ വീണ്ടും പ്രക്ഷോഭം

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ചക്കിടെ നാലാം തവണയും തലസ്ഥാനമായ സോളില്‍ വന്‍ പ്രക്ഷോഭ റാലി. പ്രസിഡന്റുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തി തോഴി ചോയ് സൂണ്‍ സില്‍ ഭരണകാര്യങ്ങളില്‍ ഇടപെടുകയും പ്രമുഖ കമ്പനികളില്‍നിന്ന് സംഭാവനകള്‍ വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്താണ് പാര്‍കിന്റെ കസേര ഇളക്കിത്തുടങ്ങിയിരിക്കുന്നത്. പാര്‍ക്ക് മാപ്പുപറഞ്ഞിട്ടുണ്ടെങ്കിലും രാജിയില്‍ കുറഞ്ഞ് ഒന്നുകൊണ്ടും തങ്ങള്‍ തൃപ്തരാവില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ശനിയാഴ്ച നടന്ന പ്രക്ഷോഭ റാലിയില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെടുന്നു.
ഇതുവരെ നടന്ന സമാധാന റാലികളെല്ലാം സമാധാനപൂര്‍ണമാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസിലേക്കുള്ള റോഡുകളെല്ലാം പൊലീസ് തടഞ്ഞിട്ടുണ്ട്. ശനിയാഴ്ച ചെറുസംഘങ്ങളായെത്തിയ പ്രക്ഷോഭകര്‍ റാലി ആരംഭിച്ച പ്രധാന കേന്ദ്രത്തില്‍ സംഗമിക്കുകയായിരുന്നു. പാര്‍കിന്റെ ജനസമ്മിതി ഓരോ ദിവസവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റിനെ ചോദ്യംചെയ്യാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യപ്പെടുന്ന ആദ്യ ദക്ഷിണകൊറിയന്‍ പ്രസിഡന്റാണ് പാര്‍ക്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അവര്‍ രാജിവെക്കുകയാണെങ്കില്‍ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും

chandrika: