X

പാരീസ് ഉടമ്പടിയില്‍ ഒറ്റപ്പെടുന്ന അമേരിക്ക

കെ. മൊയ്തീന്‍കോയ

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്‍ത്ഥത്തില്‍ ലോക സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്‍വമായ ഈ അവസ്ഥയുടെ പ്രത്യാഘാതം അമേരിക്ക അനുഭവിക്കാനിരിക്കുകയാണ്. ട്രംപിന്റെ ജല്‍പനങ്ങള്‍ക്കു വില കല്‍പിക്കാതെ ഉടമ്പടിയുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ട്രംപിന് കനത്ത പ്രഹരമാണ്. അതേസമയം പിന്മാറ്റ പ്രഖ്യാപനത്തില്‍ വളരെയേറെ ആക്ഷേപിച്ചത് ഇന്ത്യക്കും ചൈനക്കും എതിരായിട്ടാണെങ്കിലും ട്രംപിന് മറുപടി നല്‍കുന്നതില്‍ നമ്മുടെ രാജ്യത്തിന്റെ പ്രസ്താവന മൃദുഭാഷയായത് പരിഹാസത്തിന് കാരണമായി തീര്‍ന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കാര്‍ബണ്‍ നിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരികയാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. 2015 ഡിസംബര്‍ 24ന് യു.എന്‍ നേതൃത്വത്തില്‍ പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് ഉടമ്പടി തീരുമാനം. 197 രാജ്യ പ്രതിനിധികള്‍ സംബന്ധിച്ചു. 2016 ഏപ്രില്‍ 22 ന് ഉടമ്പടി ഒപ്പുവെച്ചു. 195 രാജ്യങ്ങളാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 148 രാജ്യങ്ങള്‍ സ്വന്തം പാര്‍ലമെന്റില്‍ പാസാക്കി. 2016 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 56 ശതമാനം നടത്തുന്ന 72 രാജ്യങ്ങള്‍ അംഗീകരിച്ചതോടെ 2016 നവംബര്‍ നാലിന് ഉടമ്പടി പ്രാബല്യത്തില്‍ വന്നു. ആഗോള താപ നിലയത്തിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെ നിലനിര്‍ത്താനാണ് നടപടി. ഇത് ഓരോ രാജ്യവും സ്വന്തം നിലയില്‍ സ്വീകരിക്കണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കണം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക താല്‍പര്യം പാരീസ് ഉടമ്പടി യാഥാര്‍ത്ഥ്യമാക്കുന്നതിനുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്നു. 2050 നും 2100നും ഇടക്ക് ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കും. കാര്‍ബണ്‍ പുറത്തുവിടുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. ചൈനയും ഇന്ത്യയും മുന്നിലും പിന്നിലുമുണ്ട്.
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പാരീസ് ഉടമ്പടി രൂപപ്പെട്ടത്. നിക്കരാഗ്വയും സിറിയയുമാണ് ഒപ്പുവെക്കാതെ മാറിനിന്നത്. ലോക രാജ്യങ്ങള്‍ ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറുമ്പോള്‍ ഉടമ്പടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കക്ക് നഷ്ടം വരുത്തും. യൂറോപ്യന്‍ യൂണിയനും ചൈനയും കൈകോര്‍ക്കുന്നതോടെ അമേരിക്കക്ക് നഷ്ടമാകുന്നത് ലോക നേതൃത്വമാണ്. മറുവശത്ത് റഷ്യയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ആധിപത്യത്തിന് തന്ത്രപരമായ നീക്കവും നടക്കുന്നു. മധ്യപൗരസ്ത്യ ദേശം റഷ്യന്‍ ആധിപത്യത്തിലേക്ക് സാവകാശം നീങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് ഒറ്റപ്പെട്ടാണ് മടങ്ങിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ നിലപാട് ഉച്ചകോടിയെ തകര്‍ത്തു. മറ്റ് രാഷ്ട്രങ്ങളുടെ നായകര്‍ ഒന്നടങ്കം ട്രംപിനോട് പിന്തിരിയാന്‍ കേണുവെങ്കിലും നിലപാട് മാറ്റിയില്ല. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നേരത്തെ കാലാവസ്ഥ ഉടമ്പടിക്കു രൂപം നല്‍കുമ്പോഴും അമേരിക്ക പുറംതിരിഞ്ഞുനിന്നതാണ്. പാരീസ് ഉടമ്പടി ആയപ്പോഴേക്കും ഒബാമയുടെ നേതൃത്വം ലോകാഭിപ്രായത്തോടൊപ്പം നിന്നു.
ട്രംപിന്റെ പിന്‍മാറ്റ പ്രഖ്യാപനത്തിന്റെ കുന്തമുന ഇന്ത്യക്കും ചൈനക്കുമെതിരായിട്ടാണ്. ‘കുറേ രാജ്യങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പാ’ണ് ഉടമ്പടിയെന്നാണ് ട്രംപിന്റെ കടുത്ത ഭാഷാ പ്രയോഗം. ‘2020 ഓടെ കല്‍ക്കരി ഉത്പാദനം ഇരട്ടിയാക്കാന്‍ ഇന്ത്യക്കു അനുമതി നല്‍കി. കോടിക്കണക്കിന് വിദേശ സഹായം നേടിയെടുക്കാന്‍ മാത്രമാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവെച്ചത്’. ട്രംപ് ഇങ്ങനെ ആരോപിക്കുമ്പോള്‍ കനത്ത തിരിച്ചടി പ്രതീക്ഷിച്ചതാണെങ്കിലും പരാമര്‍ശങ്ങളോട് മൗനം പാലിക്കുകയായിരുന്നു നമ്മുടെ സര്‍ക്കാര്‍. ലോകത്തിനു നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് മാത്രം പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. ലോക രാജ്യങ്ങളുടെ കര്‍ക്കശ പ്രതികരണത്തോടൊപ്പം ചേര്‍ത്തുവായിക്കാന്‍ പോലും ഇന്ത്യന്‍ പ്രതികരണത്തിന് ശേഷിയില്ലാതെ പോയത് ട്രംപ് ഭക്തികൊണ്ടാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ക്കു കാര്‍ബണ്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുക കാരണം ഉഷ്ണം പതിന്മടങ്ങ് കൂടി. ഇതുമൂലം മഞ്ഞുമലകള്‍ ഉയരുകയും സമുദ്രനിരപ്പ് ഉയരുകയുമാണ്. അന്റാര്‍ട്ടിക്കയില്‍ പ്രത്യക്ഷപ്പെടുന്ന ദ്വാരം വലുതായി വരുന്നു. മഞ്ഞുരുക്കം ഇനിയും കൂടിയാല്‍ ദ്വീപ് സമൂഹങ്ങള്‍ കടലില്‍ മുങ്ങിപ്പോകാനാണത്രെ സാധ്യത. ഭൂമിയില്‍ കൃഷിനാശം വ്യാപകമാകും. ഇവയൊക്കെ തടയാന്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ ഉടമ്പടിക്ക് ഫലമില്ലാതെ വരും.
ട്രംപിന് നിലപാട് തിരുത്തേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പിന്മാറ്റം നടപ്പാക്കാന്‍ മൂന്നു വര്‍ഷം കാത്തിരിക്കണം. അപ്പോഴേക്കും ട്രംപിന്റെ കാലാവധി അവസാനിക്കും. ബരാക് ഒബാമയുടെ നിലപാട് തിരുത്തുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ വാഗ്ദാനം നടപ്പാക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. ഇതിന്റെ പ്രത്യാഘാതം അപക്വമതിയായ ഈ ഭരണാധികാരിക്ക് അറിയാതെ പോയി. ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചപ്പോള്‍ ബാധിച്ചത് അമേരിക്കയിലെ മൂന്നു കോടി സാധാരണക്കാരെയാണ്. മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരായ യാത്രാവിലക്ക് ട്രംപിന്റെ മറ്റൊരു വിവരശൂന്യ നടപടിയാണ്. അമേരിക്കയില്‍ തന്നെ 20 പ്രമുഖ കമ്പനികള്‍ക്ക് ഉടമ്പടിയുമായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങി പ്രധാന സംസ്ഥാന ഗവര്‍ണര്‍മാര്‍ കാലാവസ്ഥാ കൂട്ടായ്മക്കു രൂപം നല്‍കി മുന്നോട്ടുപോകുന്നു. 61 മേയര്‍മാര്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. സംസ്ഥാനങ്ങളും നഗരങ്ങളും വ്യവസായ സ്ഥാപനങ്ങളും നിലവിലെ സ്ഥിതിയുമായി മുന്നോട്ടുപോകുമെന്ന് മുന്‍ പ്രസിഡന്റ് ഒബാമ പരസ്യമായി നിലപാട് സ്വീകരിച്ചു. ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികള്‍ എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. ലോക നേതാക്കള്‍ അമേരിക്കക്ക് എതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ചരിത്രം അപൂര്‍വമാണ്. ‘തെറ്റ് ചെയ്തത് പ്രപഞ്ചത്തോടാ’ണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുറന്നടിച്ചു. മാപ്പര്‍ഹിക്കാത്ത നീക്കമെന്നാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലമെര്‍ക്കലിന്റെ പ്രതികരണം. നിരാശപ്പെടുത്തുന്ന നിലപാട് എന്നാണ് യു.എന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറാസിന്റെ അഭിപ്രായം. അമേരിക്കയില്ലാത്ത ഉടമ്പടി വ്യര്‍ത്ഥമെന്നായിരുന്നു റഷ്യന്‍ നിലപാട്. യൂറോപ്പില്‍ അമേരിക്കക്ക് എതിരെ ഐക്യനിര ഉയര്‍ന്നുകഴിഞ്ഞു. ആഗോള താപനത്തിന് എതിരായ പ്രവര്‍ത്തനം ട്രംപിനെ യൂറോപ്പിന് അപ്രിയനാക്കിയിട്ടുണ്ട്.
‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തിലൂടെ ട്രംപിന്റെ ലക്ഷ്യം അമേരിക്കയുടെ ദേശീയ വികാരം ഇളക്കിവിടുകയാണ്. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം എന്തിന് നല്‍കണമെന്ന ട്രംപിന്റെ ചോദ്യം താല്‍ക്കാലിക ആശ്വാസം പകരുന്നതാകാമെങ്കിലും ഭാവി ഇരുളടഞ്ഞതാണ്. തൊഴില്‍ നഷ്ടത്തിന്റെ കണക്കിനും പ്രസക്തിയില്ല. ഭീകരത പോലെ ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥാ വ്യതിയാനം എന്ന തിരിച്ചറിവ് ട്രംപിന് ഇല്ലാതെ പോകുന്നത് അത്ഭുതകരം തന്നെ. കാലാവസ്ഥയുടെ താളം കീഴ്‌മേല്‍ മറിയുന്നതും പകര്‍ച്ചവ്യാധികള്‍ പടരുന്നതും വികാരജീവിയായ ട്രംപ് പ്രശ്‌നമായി കാണുന്നില്ലത്രെ. ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ അവസ്ഥയിലേക്കാണ് ലോകത്തെ തള്ളിവിടുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രൂപം നല്‍കിയ ഉടമ്പടി പിച്ചിച്ചീന്താന്‍ ട്രംപിനെ ലോക സമൂഹം അനുവദിക്കരുത്. 194 രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയെ കടിഞ്ഞാണിടാന്‍ കഴിയും. യൂറോപ്പില്‍ രൂപപ്പെടുന്ന ഐക്യനിരയോട് ചൈനയും റഷ്യയുമൊക്കെ ചേര്‍ന്ന്‌നിന്നാല്‍ ട്രംപ് എത്ര വമ്പനാണെങ്കിലും മുട്ടുകുത്തേണ്ടിവരും, തീര്‍ച്ച.

chandrika: