X
    Categories: CultureMoreViews

പാരിസിന്റെ ഹീറോയായി സ്‌പൈഡര്‍മാന്‍ ഗസ്സാമ

പാരിസ്: ബഹുനില കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നും വീഴാന്‍ നില്‍ക്കുന്ന നാലുവയസുകാരനെ സ്‌പൈഡര്‍മാനായി അവതരിച്ച് രക്ഷപ്പെടുത്തിയ മാലി സ്വദേശി മമൂദു ഗസ്സാമയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ താരം. വടക്കന്‍ പാരിസിലാണ് സംഭവം.
വീടിന്റെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ബാല്‍ക്കണിയിലെ കമ്പിയില്‍ കുടുങ്ങി. ഏത് നിമിഷവും കുട്ടി താഴേക്ക് വീഴുമെന്ന അവസ്ഥ. മുകളില്‍നിന്നും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കെട്ടിടത്തിന് താഴെ കൂടിനിന്നവരുടെ പരിഭ്രാന്തി ഇരട്ടിയായി. റെസ്‌ക്യൂ സര്‍വീസിനെ വിളിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുമ്പെ കുട്ടി വീഴുമോ എന്ന ആശങ്ക വര്‍ധിച്ചു. അതിനിടെയാണ് ഗസ്സാമയെന്ന കുടിയേറ്റ യുവാവ് സ്‌പൈഡര്‍മാനായി അവതരിച്ചത്. താഴെനിന്നും തൂങ്ങിക്കയറി കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് അനായാസം നീങ്ങിക്കൊണ്ടിരുന്ന 22കാരന്റെ സാഹസം നെഞ്ചിടിപ്പോടെയാണ് ജനം കണ്ടുനിന്നത്. ഒടുവില്‍ ഗസ്സാമ ലക്ഷ്യം സാധിക്കുക തന്നെ ചെയ്തു. സുരക്ഷാസേന എത്തുന്നതിനു മുമ്പേ അദ്ദേഹം കുട്ടിയെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ താഴെ നിന്ന് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയ ഗസ്സാമയുടെ സാഹസിക പ്രകടനം ഫ്രാന്‍സില്‍ വൈറലായിക്കഴിഞ്ഞു.

കാര്യങ്ങള്‍ അവിടെയും നിന്നില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എല്ലിസി പാലസിലേക്ക് ഗസ്സാമയെ ഓഫീസില്‍ വിളിച്ചുവരുത്തി നേരിട്ട് അനുമോദിക്കുകയും ചെയ്തു. ഗസ്സാമ തെരുവിലൂടെ നടന്നുപോകുമ്പോഴാണ് കെട്ടിടത്തിനു മുന്നില്‍ ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടത്. ബാല്‍ക്കണിയില്‍ തൂങ്ങിപ്പിടിച്ചിരിക്കുന്ന കുട്ടിയെ കണ്ടതോടെ ഗസ്സാമ കൂടുതല്‍ ആലോചിച്ചില്ല. അതിവേഗം കെട്ടിടത്തിനു മുകളിലേക്ക് കുതിച്ചു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടിയെ തനിച്ചാക്കി പുറത്തുപോയതിന് പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാവ് പാരിസിന് പുറത്തായിരുന്നു. പാരിസ് മേയറും ഗസ്സാമയെ വിളിച്ച് അഭിനന്ദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: