X

ലവ് യു പാരിസ്-1

ബിയൻവെന്യു അപാരിസ്:  പാരീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ കേട്ട ഫ്രഞ്ച് പ്രയോഗം. പാരിസിലേക്ക് സ്വാഗതം എന്നാണ് ഈ പ്രയോഗത്തിൻറെ മലയാളം. എല്ലാവരെയും പാരീസിലേക്ക് സ്വാഗതം ചെയ്ത് തുടങ്ങാം.

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 537 വിമാനം പറന്നുയര്‍ന്നത് മഴയുടെ പശ്ചാത്തലത്തിലായിരുന്നു. മലപ്പുറത്ത് നിപ നല്‍കിയ ഭീതിയില്‍ മുന്‍കരുതലായി മാസ്‌ക്കുകാരും ധാരാളം. തലേ ദിവസം എയർ അറേബ്യ വിമാനം മണിക്കൂറുകൾ വൈകിയതിനാൽ കാലാവസ്ഥ വില്ലനാവുമോ എന്ന ആധി അവസാനിപ്പിച്ച് കൊണ്ട് പ്രിയ സുഹൃത്തും ഖത്തർ എയർവേയ്സ് കോഴിക്കോട് കൺട്രി മാനേജറുമായ ഫാറുഖ് ബാത്ത സ്വന്തം വിമാനം യഥാസമയമെന്ന ഉറപ്പും മുൻനിരയിലെ സീറ്റും ശരിയാക്കിത്തന്നു. കൃത്യസമയത്ത് തന്നെ ആകാശനൗക ദോഹയിലെ ചിരപരിചിതമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍. എത്രയോ തവണ വന്നിറങ്ങിയ വിസ്മയ കൊട്ടക. 2006 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഗെയിംസിനായിരുന്നു അല്‍ത്താനിയുടെ നാടിനെ ലോകവുമായി ബന്ധപ്പെടുത്തുന്നു ഹമദില്‍ ആദ്യം വന്നത്. പിന്നെ ഏറ്റവുമൊടുവില്‍ ഈ ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പ് ഫുട്‌ബോളിനായി. പാരീസിലേക്കുള്ള വിമാനത്തിന് മൂന്ന് മണിക്കൂര്‍ കൂടി സമയമുണ്ടായിരുന്നതിനാല്‍ പ്രാതല്‍ ഹമദിലെ പാരിസ് കഫേയിലാക്കി.

കൃത്യസമയത്ത് തന്നെ കൗണ്ടറില്‍ നിന്നും പാരീസ് അനൗണ്‍സ്‌മെന്റ്. ലോക കായിക മഹാമാമാങ്കത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ഒഫീഷ്യലുകളുമെല്ലാമായി ധാരാളം പേര്‍. ദോഹയിൽ നിന്നും കുവൈറ്റിനും ഇറാഖിനും മധ്യേഷ്യൻ റിപ്പബ്ബികൾക്കും തുർക്കിക്കും ബെൽജിയത്തിനും നെതർലൻഡ്സിനും ജർമനിക്കും മുകളിലുടെ 3000 ത്തിലധികം മൈലുകൾ 12,000 അടി ഉയരത്തിൽ അലക്സാണ്ടർ ഹബ എന്ന പൈലറ്റ് പറത്തിയ വിമാനത്തിൽ ആറ് മണിക്കൂറും 25 മിനുട്ടും ദീര്‍ഘിച്ച സുന്ദര യാത്ര. ഖത്തര്‍ എയര്‍വെയ്‌സ് എന്ത് കൊണ്ട് ആകാശ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറുന്നു എന്നതിന് തെളിവായിരുന്നു അവരുടെ സേവനങ്ങളും സംവിധാനങ്ങളും. അതിവിശാലമായ ചാള്‍സ് ഡി ഗൗലേ (സി.ഡി.ജെ) രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പ്രാദേശിക സമയം ഉച്ചക്ക് രണ്ടര. നമ്മുടെ നാട് മൂന്നര മണിക്കൂര്‍ മുന്നിലാണ്. ലോകത്തെ അതിവിശാല നഗരങ്ങളില്‍ ഒന്നായ പാരിസ് പ്രാന്തങ്ങളില്‍ മൂന്ന് വിമാനത്താവളങ്ങളുണ്ട്.

സി.ഡി.ജെ എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന വലിയ വിമാനത്താവളം കൂടാതെ പാരിസ് ഓര്‍ലെയും ബിയോവൈസും. ഇമിഗ്രേഷൻ കൗണ്ടറിൽ സുന്ദരമായ സ്വികരണം. തൊട്ടരികിൽ മീഡിയാ ഹെൽപ് ഡെസ്ക്ക്. അവിടെ ബെർനാർഡ് എന്ന സീനിയർ. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇന്ത്യൻ പിന്നുകൾ വേണം. അത് കൈവശമുണ്ടായിരുന്നില്ല. അക്രഡിറ്റേഷൻ കാർഡും ഒളിംപിക്സ് വേദികളിലേക്ക് പറക്കാനുള്ള മെട്രോ കാർഡും അദ്ദേഹം കഴുത്തിലണിയിച്ചു.വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍. ഏത് യാത്രകളിലും കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ച് പ്രതിപാദിക്കാറുണ്ട്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി ആ മഹാനഗരത്തിലെത്തിയപ്പോള്‍ ഹിത്ര്യു വിമാനത്താവളത്തില്‍ അതിരാവിലെയും ഇരുപതോളം കെ.എം.സി.സി പ്രവര്‍ത്തകരാണ് അസൈനാര്‍ കുന്നുമലിന്റെ നേതൃത്വത്തില്‍ എത്തിയതെങ്കില്‍ പാരീസിലും ആ സ്്‌നേഹം വീണ്ടും നുകരാനായി. യുറോപ്യൻ യൂണിയൻ കെ.എം. സി.സി പ്രസിഡണ്ട് അബ്ദുൾ അസീസ് പുലോർശങ്ങാടൻ, ചെയർമാൻ ഡോ. അലി കുനാരി എന്നിവരുടെ നേതൃത്വത്തിൽ ശക്തമാണ്. കെ.എം.സി. സി പാരീസ് ഘടകത്തിലെ കെ.എം സാലീം, മുദസിർ അലി,കെ.ടി നൗഫൽ,ആബിദ് കുംമ്പില,സി.കെ ഫെനി ഹൈദർ,ആർ. കെ റജീബ്,എം. നിഖിൽ, അജ്മൽ സി എന്നിവർ സി.ഡി.ജി എയർപോർട്ടിലെത്തിയിരുന്നു.

webdesk14: