പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം. ടോക്കിയോയിൽ നേടിയ സ്വർണം, ‘ചക്കയിട്ടപ്പോൾ മുയൽ ചത്തതല്ലെ’ന്ന കൃത്യമായ ഓർമപ്പെടുത്തലാണ് യോഗ്യതാ റൗണ്ടിൽ നീരജിന്റെ പ്രകടനം. എട്ടാം തീയതി നടക്കുന്ന ഫൈനലിൽ ധൈര്യത്തോടെ സ്വർണ മെഡൽ സ്വപ്നം കാണൂവെന്ന് രാജ്യത്തോടു വിളിച്ചു പറഞ്ഞ പ്രകടനം കൂടിയാണ് നീരജിന്റേത്.
നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ച വെബർ ഇത്തവണ നീരജിന്റെ സുവർണ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജിന്റെ തിരിച്ചടി.
ജാവലിൻ ത്രോയിൽ മത്സരിച്ച മറ്റൊരു താരം കിഷോർകുമാർ ജനയ്‌ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഇനി ഫൈനൽ സാധ്യതയുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്.
ഈ ഗ്രൂപ്പിൽനിന്ന് ജർമൻ താരം ജൂലിയൻ വെബറിനു (87.76 മീറ്റർ) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ), ‘മിസ്റ്റർ യുട്യൂബ്’ എന്ന പേരിൽ അറിയപ്പെടുന്ന കെനിയൻ താരം ജൂലിയസ് യെഗോ (85.97 മീറ്റർ), ഫിൻലൻഡ് താരം ടോണി കെരാനെൻ (85.27) എന്നിവരും യോഗ്യതാ മാർക്ക് പിന്നിട്ട് ഫൈനലിൽ കടന്നു. കെനിയൻ താരം റിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവാണ്. ലോക ഒന്നാം നമ്പർ താരം വാദ‌്‌ലെജ് ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടപ്പോൾ, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.