ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്ര കൃതികള്‍ പ്രകാശനം ചെയ്തു. ഫ്രാന്‍സ് തലസ്ഥാനത്തു നടക്കുന്ന പാരിസ് പുസ്തകമേളയുടെ ഭാഗമായി പാരിസ് ഓപറാ ഹൗസിലായിരുന്നു ചടങ്ങുകള്‍.
അല്‍ ഖവാസിം ചരിത്രം, ടെയില്‍ ഓഫ് എ സിറ്റി, വാള്യം 1, വാള്യം 2 ഉള്‍പ്പെടെ ഷാര്‍ജ ചരിത്രം, ദി മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ദി ഗള്‍ഫ്, പവര്‍ സ്ട്രഗിള്‍സ് ആന്‍ഡ് ട്രേഡ് ഇന്‍ ദി ഗള്‍ഫ് (1620-1820) എന്നീ കൃതികളാണ് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്.
തന്റെ ഗ്രന്ഥങ്ങളുടെ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചതിന് നന്ദി അറിയിച്ച ശൈഖ് സുല്‍ത്താന്‍ ബ്രിട്ടനും മറ്റു ശക്തികളും തമ്മിലുള്ള സംഘട്ടനമാണ് അവയുടെ ഉള്ളടക്കത്തിന്റെ പ്രത്യേകതയെന്നും വ്യക്തമാക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിനും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ശൈഖ് സുല്‍ത്താന്‍ നന്ദി പറഞ്ഞു.
ഷാര്‍ജ ഭരണാധികാരി മേളയുടെ വിശിഷ്ടാതിഥിയാണെന്നും പുസ്തക ലോകത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജീന്‍ പിയറെ റാഫറിന്‍ പറഞ്ഞു.