X

കുട്ടികള്‍ക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക; പിടിവീഴും

തിരുവനന്തപുരം: പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. മലബാര്‍ മേഖലയിലാണ് ഇത്തരം നിയമലംഘനം കൂടുതലുള്ളതെന്നാണ് പൊലീസ് ഒരാഴ്ചനടത്തിയ പരിശോധനയില്‍ വ്യക്തമായത്.

ഒരാഴ്ചത്തെ പരിശോധനയില്‍  പൊലീസ് 401 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 145 കേസുകളും രജിസ്റ്റര്‍ചെയ്തത് മലപ്പുറത്തായിരുന്നു. പാലക്കാട് 74 കേസുകളും തൃശ്ശൂരില്‍ 55 കേസുകളും രജിസ്റ്റര്‍ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങിയത് കുറവായിരുന്നു. തിരുവന്തപുരത്ത് 11 കേസുകളും എറണാകുളത്ത് അഞ്ച് കേസുകളും കോഴിക്കോട്ട് 12 കേസുകളുമാണ് രജിസ്റ്റര്‍ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ നടത്തിയാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷലഭിക്കുന്ന കുറ്റമാണിത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടിയും നേരിടേണ്ടിവരും.

നിയമവും ശിക്ഷയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.

 

webdesk14: