X

അമേരിക്കയില്‍ വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

 

ലോസ് ഏഞ്ചല്‍സ്: വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. രണ്ടു മുതല്‍ 29 വരെ വയസുള്ള മക്കളെയാണ് ഇവര്‍ വീട്ടില്‍ തടവിലാക്കിയത്. ലോസ് ഏഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണ് സംഭവം.

പൊലീസ് എത്തി രക്ഷപ്പെടുത്തുമ്പോള്‍ ഇവരില്‍ പലരും പട്ടിണി കോലങ്ങളായിരുന്നു. വീട്ടുതടവില്‍നിന്ന് രക്ഷപ്പെട്ട് പതിനേഴ് വയസുള്ള പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പൊലീസ് എത്തി 13 പേരെയും പുറത്തെത്തിച്ച് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 57കാരനായ ഡേവിഡ് അലന്‍ ടര്‍പിനും 49കാരിയായ ലൂയിസ് അന്ന ടര്‍പിനുമാണ് അറസ്റ്റിലായത്. പൊലീസില്‍ വിവരം അറിയിക്കാനെത്തിയ പതിനേഴുകാരിയെ കണ്ടാല്‍ പത്തു വയസുമാത്രമേ തോന്നിക്കൂ. വീട്ടില്‍നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാണ് പെണ്‍കുട്ടി പൊലീസിനെ വിവരമറിയിച്ചത്. പല കുട്ടികളെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങല ഉപയോഗിച്ച് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. വൃത്തികെട്ട അന്തരീക്ഷത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചിരുന്നത്.

വീടിന്റെ ഉള്‍ഭാഗം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്ന് പേരും സഹോദരങ്ങളാണ്. വര്‍ഷങ്ങളോളം ടെക്‌സസില്‍ താമസിച്ചിരുന്ന ദമ്പതികള്‍ 2010ലാണ് കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയത്. ഏറോനോട്ടിക്‌സ്, പ്രതിരോധ കമ്പനിയായ നോര്‍ത്രോപ് ഗ്രമ്മനില്‍ എഞ്ചിനീയറായിരുന്ന ഡേവിഡ് അലന്‍ ടര്‍പിനെ കടക്കെണിയില്‍ കുടുങ്ങി രണ്ടു തവണ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. വരുമാനത്തില്‍ കവിഞ്ഞ ചെലവ് കുടുംബത്തിന്റെ ജീവിതം ദുസ്സഹമാക്കി. ടര്‍പിന്റെ രക്ഷിതാക്കളായ ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും മകനെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അഞ്ചുവര്‍ഷത്തോളമായി തങ്ങള്‍ മകനെയും കുടുംബത്തെയും കണ്ടിട്ടെന്ന് അവര്‍ പറഞ്ഞു. നല്ല ക്രിസ്ത്യന്‍ കുടുംബമായിരുന്നു അതെന്നും കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് ഡേവിഡ് അലന്‍ ടര്‍പിന്‍ തങ്ങളെ വിളിച്ചിരുന്നതെന്നും മാതാപിതാക്കള്‍ അറിയിച്ചു.
കുടുംബത്തിന്റെ ഫേസ്ബുക്ക് പേജില്‍ സന്തോഷത്തോടെ ചിരിച്ചുനില്‍ക്കുന്ന കുടുംബത്തിന്റെ നിരവധി ഫോട്ടോകളുണ്ട്. വീട്ടുകാര്‍ അപൂര്‍വമായി മാത്രമേ വീട്ടില്‍നിന്ന് പുറത്തുവരാറുണ്ടായിരുന്നുള്ളൂവെന്ന് അയല്‍വാസികള്‍ പറയുന്നു.

chandrika: