കാസര്‍കോട്: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റ വിധി കൊലയാളികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റയും,ശരത് ലാലിന്റയും രക്ഷിതാക്കള്‍. സി.ബി.ഐ അന്വേഷണം തടയാന്‍ ശ്രമിച്ച പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും പറഞ്ഞു. ഉണ്ണിത്താന്റെ ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സസംസാരിക്കുകയായിരുന്നു അവര്‍.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്നാണ് ഹൈക്കോടതിവിധി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീലിലാണ് വിധി.
വാദം പൂര്‍ത്തിയായി 9 മാസത്തിനുശേഷമാണ് ഹൈക്കോടതി കേസില്‍ വിധി പറഞ്ഞത്. ഹൈക്കോടതി വിധി പറയാന്‍ വൈകിയ സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാ!ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്നലെ പുതിയ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.
സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്കു വിട്ടത്. അന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഒക്ടോബര്‍ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകരെയും സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു.