X

‘മാപ്പ്, കോടതിയോട് എന്നും ബഹുമാനം’; വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുമെന്ന് ബോബി ചെമ്മണൂര്‍

കോടതിയോട് ബഹുമാനം മാത്രമെന്ന് ബോബി ചെമ്മണൂര്‍. എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല.

പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ സഹായം തേടിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നത് അതു കാരണമല്ല. ആ വിഷയത്തിന് വേണ്ടിയല്ല ഇന്നലെ ഇറങ്ങാതിരുന്നത്. ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ല. അങ്ങനെ ഒപ്പിടാനുള്ള ഒരു സംവിധാനവും ഉണ്ടായിട്ടില്ല. അതു രേഖാമൂലമുള്ള കാര്യമല്ലേ. അങ്ങനെ നിരസിച്ചിട്ടൊന്നുമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്‌സുമില്ല. കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കോടതിയെ ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

നാടകം കളിക്കുക എന്നതൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു ബിസിനസ്മാനാണ് താന്‍. കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?. അതിന്റെ ആവശ്യമില്ല. അത്തരമൊരു വ്യക്തിയല്ല താന്‍. ഒരിക്കലും അത്തരമൊരു ഉദ്ദേശശുദ്ധിയോടെ അത്തരത്തില്‍ പ്രവൃത്തി തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ. തന്റെ വാക്കുകൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ജയിലിന് പുറത്ത് ആഘോഷത്തിന് കൂടിയവരെക്കുറിച്ച് തനിക്ക് അറിയില്ല. ഒരു കാരണവശാലും ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലേയും ബോച്ചെ ഫാന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ വന്ന് തിക്കും തിരക്കുമുണ്ടാക്കിയാല്‍ എന്നെ തന്നെയാണ് ബാധിക്കുകയെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഭാവിയില്‍ സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഷോറൂം ഉദ്ഘാടന പരിപാടികളില്‍ സെലിബ്രിറ്റികളെ വീണ്ടും ക്ഷണിക്കും. മാര്‍ക്കറ്റിങ്ങ്, സെയില്‍സ് പ്രമോഷന്‍ ലക്ഷ്യമിട്ടാണ് അവരെ വിളിക്കുന്നത്. ആ ഉദ്ദേശത്തിലാണ് വിളിക്കുന്നത്. അത് അവരോട് പറയാറുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

കോടതിയിലും ബോബി ചെമ്മണൂര്‍ മാപ്പ് ചോദിച്ചു. സംഭവിച്ചതില്‍ ഖേദമുണ്ടെന്നും, നിരുപാധികം മാപ്പു ചോദിക്കുന്നുവെന്ന് ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇനി ഇതുപോലെ സംസാരിക്കില്ലെന്നും കോടതിയില്‍ ഉറപ്പു നല്‍കി. ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കേസ് തീര്‍പ്പാക്കി. ജാമ്യം കിട്ടിയിട്ടും ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ രാവിലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

webdesk13: